ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരുടെ പ്രകടനത്തെ അഭിനന്ദിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്താനും ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.പസ്) ജനറൽ അനിൽ ചൗഹാനും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും രാജസ്ഥാനിലെയും ഗുജറാത്തിലെയും മുൻനിര സൈനിക താവളങ്ങൾ സന്ദർശിച്ചു.
രാജസ്ഥാനിലെ സൂറത്ത്ഗഡ് സൈനിക സ്റ്റേഷനും ഗുജറാത്തിലെ നാലിയ വ്യോമസേനാ സ്റ്റേഷനുമാണ് ജനറൽ അനിൽ ചൗഹാൻ സന്ദർശിച്ചത്. ഉദ്യോഗസ്ഥരുടെ പ്രവർത്തന സന്നദ്ധതയെയും ഉയർന്ന മനോവീര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഭാവിയിലെ ഏതു ഭീഷണികളും തകർക്കാൻ കഴിയുമെന്ന് സൈന്യം തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും സദാ ജാഗ്രത തുടരാനും അദ്ദേഹം പറഞ്ഞു. സൗത്ത് വെസ്റ്റേൺ കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, വ്യോമസേനയുടെ സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ നാഗേഷ് കപൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാജസ്ഥാൻ മരുഭൂമിയിലെ ലോംഗേവാലയിലുള്ള സൈനിക താവളം സന്ദർശിച്ച കരസേനാ മേധാവി ഒാപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയും അതിർത്തി സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് നടപ്പാക്കിയ നടപടികൾ അവലോകനം ചെയ്‌തു. ജയ്സാൽമീർ മുതൽ കച്ച് മേഖല വരെ വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിൽ മൂന്ന് വിഭാഗങ്ങളും ചേർന്നാണ് പാക് പ്രകോപനങ്ങളെ നേരിട്ടത്.സൈനികരുമായുള്ള ആശയവിനിമയം നടത്തിയ ജനറൽ ദ്വിവേദി പടിഞ്ഞാറൻ അതിർത്തി സുരക്ഷിതമാക്കിയത് സൈനികരുടെ ധീരതയും അചഞ്ചലമായ പ്രതിബദ്ധതയുമാണെന്ന് ചൂണ്ടിക്കാട്ടി. പാക് ഡ്രോൺ ആക്രമണങ്ങളെ നിർവീര്യമാക്കിയ സൈനികരെ പ്രശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |