ലാഹോർ: ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ (എൽ ഇ ടി) സഹസ്ഥാപകൻ അമീർ ഹംസ ആശുപത്രിയിലെന്ന് റിപ്പോർട്ട്. ലഷ്‌കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അമീർ ഹംസ.
അമീർ ഹംസയ്‌ക്ക് വെടിയേറ്റെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുപ്രകാരം വസതിയിൽ വച്ചാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അഫ്ഗാൻ മുജാഹിദീനിലെ മുതിർന്ന നേതാവാണ് അമീർ ഹംസ. തീക്ഷ്ണമായ പ്രസംഗങ്ങളിലൂടെയും ചില രചനകളിലൂടെയുമാണ് ഇയാൾ ശ്രദ്ധേയനായത്. എൽ ഇ ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു. ഖാഫില ദഅ്വത് ഔർ ഷഹാദത്ത് (Caravan of Proselytising and Matrydom) ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
2018ൽ, ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട ജമാ അത്ത് ഉദ്ദവ, ഫലാഹ് ഇ ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ അധികാരികൾ സാമ്പത്തിക നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ അമീർ ഹംസ ലഷ്‌കറിൽ നിന്ന് അകന്നു. തുടർന്ന് ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്നതിനായി ജെയ്‌ഷെ ഇ മൻഖാഫ എന്ന പേരിൽ ഒരു വിഭജന ഗ്രൂപ്പ് സ്ഥാപിച്ചു. പുറമെ അകൽച്ചയിലാണെങ്കിലും ഈ ഗ്രൂപ്പുകൾ പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും അമീർ ഹംസ ലഷ്‌കർ ഇ തൊയ്ബ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |