ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഇവിടെ എത്തുന്ന യാത്രക്കാർക്ക് അവരുടെ ലഗേജുകൾ നേരിട്ട് വീടുകളിലേക്കോ, ഹോട്ടലുകളിലേക്കോ എത്തിക്കാനുള്ള സംവിധാനം വിമാനത്താവള അധികൃതർ നടപ്പാക്കി. ബാഗേജിനായി മണിക്കൂറുകൾ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. ബാഗേജ് ടെക്‌നോളജി, ലോജിസ്റ്റിക്സ് കമ്പനിയായ DUBZ നിന്നുള്ള സംയോജിത സേവനങ്ങൾ ലഭ്യമാക്കുന്ന ഡിനാറ്റയുടെ ഒരു വിഭാഗമായ മർഹബയാണ് പുതിയ സേവനം നൽകുന്നത്. ഇതോടൊപ്പം മറ്റ് സേവനങ്ങളും കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്.
യാത്രക്കാർക്ക് അവരുടെ വീട്ടിൽ നിന്നോ ഹോട്ടലിൽ നിന്നോ ഓഫീസിൽ നിന്നോ ചെക്ക് ഇൻ ചെയ്യാം. ചെക്ക്ഇൻ ഏജന്റുമാർ ബോർഡിംഗ് പാസുകൾ എത്തിക്കുകയും നിങ്ങളുടെ ലഗേജ് ശേഖരിക്കുകയും ചെയ്യുന്നു. തുടർന്ന് അത് വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിക്കുന്നു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ലഗേജ് ക്ലെയിം പൂർണ്ണമായും ഒഴിവാക്കാം. ലാൻഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അവരുടെ ലഗേജ് വീട്ടുവാതിൽക്കൽ എത്തിക്കും. യാത്രക്കാർക്ക് ദീർഘനാളത്തേക്കോ കുറച്ചുകാലത്തേക്കോ ബാഗേജ് സൂക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണ്. എപ്പോഴാണ് ലഗേജ് വേണ്ടത്, ആ ദിവസം യുഎഇയിൽ എവിടെയാണെങ്കിലും സുരക്ഷിതമായി ഡെലിവറി നടത്തുകയും ചെയ്യും.
ഈ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ marhabaservices.com എന്ന വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാവുന്നതാണ്. ദുബായിലെ എല്ലാ പോയിന്റുകളിലും ഇവ ലഭ്യമാണ്. ദുബായിൽ വിമാനമിറങ്ങുന്നവർക്ക് യാത്രയ്ക്കിടെയുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കി മികച്ച യാത്രാനുഭവം നൽകുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. 2032ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബായിലെ അൽ മക്തൂം വിമാനത്താവളത്തിൽ ഈ സേവനങ്ങൾ നടപ്പിലാക്കാൻ ഡിനാറ്റ പദ്ധതിയിടുന്നുണ്ട്. യാത്രക്കാർക്ക് ലഗേജുകൾ എത്തുന്നത് വരെ കാത്തിരിക്കാതെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നൂതന ബയോമെട്രിക്സ് ഉപയോഗിച്ച് പൂർണ്ണമായും ഓട്ടോമേറ്റഡായിട്ടാണ് സംവിധാനം പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |