കൊച്ചി: അടുത്ത നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ മേയ് 27ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ ചൊവ്വാഴ്ച പുതിയ വിവരം കാലാവസ്ഥാ വകുപ്പ് പങ്കുവയ്ക്കുകയായിരുന്നു. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം ആരംഭം കുറിക്കുകയാണെങ്കിൽ, ഇന്ത്യൻ വൻകരയിൽ ഏറ്റവും നേരത്തെ മൺസൂൺ ആരംഭിക്കുന്നത് കേരളത്തിലായിരിക്കും. ഇതിന് മുമ്പ് 2009 മേയ് 23ന് കാലവർഷം ആരംഭിച്ചിരുന്നു.
സാധാരണ കേരളത്തിൽ ജൂൺ ഒന്നിന് മൺസൂൺ എത്തുകയും ജൂലായ് എട്ടോടെ രാജ്യം മുഴുവൻ വ്യാപിക്കുകയുമാണ് ചെയ്യാറ്. തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, മാലദ്വീപിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും, കൊമോറിൻ പ്രദേശത്തും ഉടൻ എത്താൻ സാദ്ധ്യതയുണ്ട്. മെയ് 21 ഓടെ കർണാടക തീരത്ത് കിഴക്കൻ-മദ്ധ്യ അറബിക്കടലിൽ ഉയർന്ന വായു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്താൽ മേയ് 22ന് ഇതേ മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ശേഷം വടക്കോട്ട് നീങ്ങി ശക്തിപ്രാപിച്ചേക്കും.
കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ 880 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാൻ സാദ്ധ്യതയുണ്ട്. സാധാരണ 750 മുതൽ 800 മില്ലിമീറ്റർ വരെ മഴയാണ് ലഭിക്കുക. അതേസമയം, സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കെടുത്താൽ കുന്നംകുളത്ത് മാത്രം 22 സെ.മി മഴയാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തിൽ മഴയെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. ഉച്ചയോടെ മഴ നിന്നെങ്കിലും വെള്ളം വലിഞ്ഞില്ല.
സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച അലർട്ടുകൾ
ഓറഞ്ച് അലർട്ട്
മേയ് 21 - കണ്ണൂർ, കാസർകോട്
മേയ് 23 - പത്തനംതിട്ട, എറണാകുളം, ഇടുക്കി
മേയ് 24- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
മേയ് 21 - കോഴിക്കോട്, വയനാട്
മേയ് 22- കണ്ണൂർ, കാസർകോട്
മേയ് 23- ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 24- പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |