കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായവരുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രഖ്യാപിക്കാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. കേസിലെ കുറ്റാരോപിതർക്ക് തുടർപഠനത്തിന് അവസരം ലഭിക്കും.
പരീക്ഷയെഴുതാൻ അനുവദിച്ചശേഷം ഫലം തടഞ്ഞത് എന്ത് അധികാരത്തിലാണെന്ന് കോടതി ഇന്നലെ ചോദിച്ചു. പ്രതിചേർക്കപ്പെട്ട ആറ് പേരുടെ ജാമ്യഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിനെ വിമർശിച്ചത്. കുറ്റകൃത്യവും പരീക്ഷയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഉണ്ടല്ലോയെന്നും ചോദിച്ചിരുന്നു. ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് പരിവർത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽ നിന്നു വിലക്കാനാവുമോ? ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഉത്തരവാദികളാകും.ജാമ്യഹർജിയായതിനാൽ പരീക്ഷാഫലത്തിന്റെ കാര്യത്തിൽ ഇടപെടാനാകില്ല. കക്ഷികൾക്ക് ഇതിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കുറ്റാരോപിതരെ പരീക്ഷ എഴുതിപ്പിച്ചതിൽ കടുത്ത പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 27ന് വൈകിട്ടാണ് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ട്യൂഷൻ സെന്ററിലെ സംഘർഷത്തിനുശേഷം പ്രതികളായ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റത്. നഞ്ചക്ക് ലഭിക്കാൻ മുതിർന്നവരുടെ സഹായം ലഭിച്ചോയെന്നതും പൊലീസ് പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |