ശിവഗിരി : ഇടവ മാസത്തിലെ ചതയ നക്ഷത്ര ദിനമായ ഇന്നലെ ശിവഗിരിയിലെമ്പാടും ഗുരുദേവ സ്തുതികൾ മുഴങ്ങി. മുൻ മാസ ചതയ ദിനങ്ങളിലെന്നപോലെ ഇന്നലെയും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ഗുരുദേവ വിശ്വാസികൾ എത്തി മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും സമൂഹ പ്രാർത്ഥന നടത്തി. പുലർച്ചെ മുതൽ നിരവധി വാഹനങ്ങളിലായി ഭക്തരെത്തിക്കൊണ്ടിരുന്നു.
വെളുപ്പിന് നാലരയ്ക്ക് ഗുരുദേവ വിരചിതമായ ഹോമമന്ത്രം ഉരുവിട്ടുള്ള പർണ്ണശാലയിലെ പ്രാർത്ഥനയിൽ സംബന്ധിക്കാൻ തലേന്നു തന്നെ ഒട്ടേറെ വിശ്വാസികൾ വന്നു ചേർന്നിരുന്നു. സംഘങ്ങളായി എത്തിച്ചേർന്ന് ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധി സന്നിധിയിലും പ്രാർത്ഥനാഗീതങ്ങൾ ഉരുവിടുന്നവരുടെ എണ്ണം ഓരോ ചതയ ദിനത്തിലും ഏറി വരികയാണ്. എസ്.എൻ.ഡി.പി യോഗം ശാഖകൾ, കുടുംബ യൂണിറ്റുകൾ, ഗുരുധർമ്മ പ്രചരണസഭയുടെ വിവിധ ഘടകങ്ങൾ എന്നിവയ്ക്കൊപ്പം മറ്റു ഗുരുദേവ പ്രസ്ഥാനങ്ങളും മാസ ചതയദിനത്തിൽ ഭക്തരെ ശിവഗിരിയിൽ എത്തിക്കുന്നു. ആരാധനയിലും പ്രാർത്ഥനയിലും പങ്കെടുത്ത ശേഷം ഗുരുപൂജ വഴിപാടും മഹാഗുരുപൂജയും നിർവഹിച്ചാണ് ഭക്തരുടെ മടക്കം. തങ്ങളുടെ കൃഷിയിടത്തിൽ നിന്നുള്ള കാർഷിക വിളകളും പലവ്യഞ്ജനങ്ങളും ഭക്തർ ഇന്നലെയും എത്തിച്ചു. കുട്ടികളുടെ അന്നപ്രാശവും വിദ്യാരംഭവും ശാരദാദേവി സന്നിധിയിൽ നടന്നു.
ഫോട്ടോ: ഇടവമാസ ചതയ ദിനമായ ഇന്നലെ ശിവഗിരി മഹാസമാധി സന്നിധിയിൽ പ്രാർത്ഥനയോടെ ഭക്തർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |