ഇന്ത്യൻ അതിർത്തിയിൽ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വൻതിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിമോചന പോരാട്ടം. 1971ലെ യുദ്ധത്തെത്തുടർന്ന് അന്നത്തെ പൂർവ പാകിസ്ഥാൻ ബംഗ്ളാദേശ് ആയി മാറിയ സാഹചര്യമാണ് ഇപ്പോൾ ബലൂചിസ്ഥാനിലുള്ളത്. കഴിഞ്ഞ ദിവസം ബലൂച് നേതാക്കൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ദേശീയ പതാക അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്ഥാനിൽ നിന്ന് വിട്ടകന്ന് സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാനുള്ള ബലൂചികളുടെ നീക്കത്തിൽ നയതന്ത്ര പ്രതിസന്ധി നേരിടുകയാണ് ഇന്ത്യ.
ബലൂചിസ്ഥാനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഇന്ത്യൻ സർക്കാരുമായും ഐക്യരാഷ്ട്ര സഭയുമായും ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാനെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഇന്ത്യക്ക് സഹായകരമാകുമെങ്കിലും ഇന്ത്യയുടെ വിദേശനയത്തിൽ അത് പ്രതികൂലമായി ബാധിച്ചേക്കാം. ഇതിൽ ഭൗമരാഷ്ട്രീയ, നയതന്ത്ര, നിയപരമായ സങ്കീർണതകളുണ്ട്.
1971ൽ ബംഗ്ളാദേശിനെ പുതിയ രാഷ്ട്രമായി ഇന്ത്യ അംഗീകരിച്ചെങ്കിലും ബലൂചിസ്ഥാന്റെ കാര്യത്തിൽ ഇത് എളുപ്പമല്ല. തങ്ങളുടെ ആവശ്യത്തെ അംഗീകരിക്കുന്നത് ധാർമികമായ കടമയാണെന്നാണ് ബലൂച് നേതാക്കൾ ഇന്ത്യയോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഇപ്പോഴും മൗനം തുടരുകയാണ്.
അന്താരാഷ്ട്ര നിയമവും പരമാധികാരവും
1933ലെ മോണ്ടിവീഡിയോ കൺവെൻഷൻ പ്രകാരം ഒരു സ്വതന്ത്ര രാഷ്ട്രമായി യോഗ്യത നേടണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതായുണ്ട്. സ്ഥിരമായ ജനസംഖ്യ, കൃത്യമായി നിർവചിച്ച അതിർത്തികൾ, സജീവ സർക്കാർ, മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള പ്രാപ്‌തി എന്നിവയാണ് ഇതിൽ ചിലത്. ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപനം നടത്തിയെങ്കിലും മറ്റൊരു രാജ്യത്തിന്റെയോ ഐക്യരാഷ്ട്ര സഭയുടെയോ അംഗീകാരം നേടാൻ സാധിച്ചിട്ടില്ല. ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കുന്നത് പാകിസ്ഥാന്റെ പരമാധികാരത്തിനുമേൽ വെല്ലുവിളി ഉയർത്തും. ഇത് ഗുരുതരമായ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് കാരണമാകും. കാശ്‌മീരിലെ പാക് ഇടപെടൽ എതിർക്കുന്ന ഇന്ത്യ, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് തീർച്ചയായും ഇഷ്ടപ്പെടുന്നില്ല.
1948ലാണ് ബലൂചിസ്ഥാനെ പാകിസ്ഥാൻ പിടിച്ചെടുത്തത്. തുടർന്ന് രൂപപ്പെട്ട വിഘടനവാദ പ്രസ്ഥാനങ്ങളെ നിരന്തരമായി അടിച്ചമർത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഇടപെടൽ പ്രകോപനപരമായി മാത്രമേ പാകിസ്ഥാൻ കണക്കാക്കുകയുള്ളൂവെന്ന് നയതന്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അന്താരാഷ്ട്ര പിന്തുണയുടെ അഭാവം
ഒരു സ്വതന്ത്ര രാഷ്ട്രമായി മാറാൻ ആഗ്രഹിക്കുന്ന ഏതൊരു മേഖലയ്ക്കും ലോക ശക്തികളായ യുഎസ്, ചൈന, റഷ്യ തുടങ്ങിയവരുടെ പിന്തുണ നേടേണ്ടത് നിർണായകമാണ്. ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ ബലൂച് മേഖലയിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ള ചൈന സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ചേക്കില്ല. യുഎസും യുകെയും ബിഎൽഎയെ തീവ്രവാദ സംഘടയായാണ് കാണുന്നത്. അതിനാൽ തന്നെ ലോകശക്തികളുടെ പിന്തുണയുടെ അഭാവം ഇന്ത്യയെയും പിന്നോട്ടുവലിക്കുന്നു.
അന്താരാഷ്ട്ര ബന്ധങ്ങളുടെ സ്വാധീനം
ബലൂചിസ്ഥാനെ അംഗീകരിക്കുന്നത് ഇറാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തും. ഇറാനിലെ ഇന്ത്യയുടെ ചബഹാർ തുറമുഖ പദ്ധതിയെയും ഇത് പ്രതികൂലമായി ബാധിക്കാം. മാത്രമല്ല, പാകിസ്ഥാനുമായുള്ള ഏറെ അടുപ്പമുള്ള ചൈനയുമായി തുടരുന്ന ഇന്ത്യൻ സംഘർഷങ്ങളെ ആളിക്കത്തിക്കുകയും ചെയ്തേക്കാം.
ഇന്ത്യയുടെ നയതന്ത്ര സ്ഥാനം
ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ വിഘടനത്തിന് ഇന്ത്യ ശ്രമിക്കുന്നതായുള്ള ആരോപണങ്ങൾ ഉയരുമോയെന്ന ഭയത്താൽ ബലൂചിനെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ മൗനം പാലിക്കുകയാണ്. കാശ്‌മീർ തർക്കത്തിലാണ് ഇന്ത്യ നിലവിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രാദേശിക സ്ഥിരത
ബലൂച് ജനസംഖ്യ ഇറാനിലും അഫ്‌ഗാനിസ്ഥാനിലും വ്യാപിച്ചുകിടക്കുന്നതിനാൽ ബലൂചിസ്ഥാനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ നയതന്ത്ര താത്‌പര്യങ്ങൾ
ബലൂചിസ്ഥാനെ ഇന്ത്യ അംഗീകരിക്കുന്നത് പാകിസ്ഥാനെ തന്ത്രപരമായും സാമ്പത്തികമായും ദുർബലപ്പെടുത്തുമെന്ന് ചില ബലൂച് നേതാക്കൾ വാദിക്കുന്നു. എന്നിരുന്നാലും, അത്തരമൊരു നീക്കം ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്കും ബലൂച് ജനതയുടെ ദീർഘകാല ക്ഷേമത്തിനും അനുസൃതമാണോ എന്ന് ഇന്ത്യ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |