കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാലുവയസുകാരി പീഡനത്തിന് ഇരയായ കേസിൽ പ്രതികരിച്ച് അങ്കണവാടി അദ്ധ്യാപിക. എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകൾ ഉള്ളതായി കുട്ടി പറഞ്ഞിരുന്നില്ലെന്ന് അദ്ധ്യാപിക ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. വളരെ സന്തോഷത്തോടെയാണ് കുട്ടി അങ്കണവാടിയിൽ വന്നിരുന്നതെന്നും എപ്പോഴും ചിരിച്ചുകൊണ്ടല്ലാതെ കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കുട്ടിയുടെ അമ്മയും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും സംഭവം നടന്ന ദിവസം ഒരു സംശയവും തോന്നിയിട്ടില്ലെന്നും അദ്ധ്യാപിക പറഞ്ഞു. 'ഒന്നരവർഷമായി ഞങ്ങളുടെ ഒപ്പം കുട്ടിയുണ്ട്. അദ്ധ്യാപികയായി അല്ല അമ്മയെ പോലെയാണ് നോക്കിയത്. വിഷമിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. വന്നാൽ ഉടൻ സുഹൃത്തുക്കളുമായി ഇരുന്ന് കളിക്കും',- അദ്ധ്യാപിക പറഞ്ഞു.
നാലുവയസുകാരി പീഡനത്തിന് ഇരയായ കേസിൽ പിതൃസഹോദരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒന്നരവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസിൽ നിർണായകമായത്.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞയുടൻ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടർ റൂറൽ എസ് പിയെ അറിയിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് തലേദിവസവും കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. പ്രതി ലെെംഗിക വെെകൃതങ്ങൾക്ക് അടിമയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോണിൽ നിന്ന് ഇത്തരത്തിൽ ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ 'അബദ്ധം പറ്റി' എന്നായിരുന്നു പ്രതിയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |