ബംഗളൂരു: ഇരുപത്തിയാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജാമ്യം ലഭിച്ച ഏഴ് പ്രതികൾക്കും സ്വീകരണം നൽകി സുഹൃത്തുക്കൾ. ഹോട്ടൽ മുറിയിൽ വച്ച് ഒരു യുവതിയെ കൂട്ടബംലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ഇവർ പുറത്തിറങ്ങിയ ശേഷം സുഹൃത്തുക്കൾ പാട്ടും കൂത്തുമായി റോഡ് ഷോ നടത്തിയാണ് ജയിലിൽ നിന്ന് സ്വീകരിച്ചത്. 2024 ജനുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കർണാടകയിലെ ഹനഗലിലെ ഒരു ഹോട്ടലിൽ യുവാവിനൊപ്പം താമസിച്ചിരുന്ന യുവതിയെ വലിച്ചിഴച്ച് അടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രധാന പ്രതികളായ ഏഴ് പേർക്ക് തുടക്കത്തിൽ ജാമ്യം ലഭിച്ചിരുന്നില്ല. തുടരെയുള്ള കോടതിയെ സമീപിച്ചതിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. അഫ്താബ് ചന്ദനകട്ടി, മദർ സാബ് മന്ദാക്കി, സമിവുള്ള ലാലനാവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നിവർക്കാണ് ഹാവേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കർണാടക ആർടിസിയിലെ ഡ്രൈവറായ യുവാവും യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. യുവതിയും ഡ്രൈവറും ഒരു ഹോട്ടൽ മുറിയിൽ താമസിക്കാൻ വന്നപ്പോഴാണ് സദാചാര പൊലീസിംഗിന്റെ ഭാഗമായി എത്തിയ സംഘം ഹോട്ടലിൽ നിന്ന് വലിച്ചിഴച്ച് യുവതിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടു പോയത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു.
തിരിച്ചറിയൽ പരേഡിൽ ആദ്യം പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും തുടർന്നുള്ള കോടതി നടപടികളിൽ, പ്രതികളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിൽ യുവതി പരാജയപ്പെട്ടു, ഇതിനെത്തുടർന്ന് പ്രതിഭാഗം ശക്തമായി. പ്രതികളുടെ പട്ടികയിലുണ്ടായിരുന്ന പന്ത്രണ്ട് പേർക്ക് പത്ത് മാസം മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |