തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്ന പദ്ധതിയെന്ന വിശേഷണമുണ്ട് ദേശീയപാത 66ന്. മുംബയ് പന്‍വേലില്‍ നിന്ന് തുടങ്ങി കന്യാകുമാരിയില്‍ അവസാനിക്കുന്ന പാതയുടെ ആകെ ദൂരം 1640 കിലോമീറ്ററാണ്. ഇതിന്റെ മൂന്നിലൊന്ന് ഭാഗം അതായത് 643 കിലോമീറ്റര്‍ കടന്ന് പോകുന്നത് കേരളത്തിലൂടെയാണ്. നടക്കില്ലെന്ന് കരുതിയ പദ്ധതി കേരളത്തില്‍ ശരവേഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 2022 മുതല്‍ മുന്നോട്ട് പോകുന്നത്.
എന്നാല്‍ അടുത്തിടെ ചില ഭാഗത്ത് ദേശീയപാതയുടെ ഭാഗങ്ങള്‍ തകര്‍ന്നത് അഭിമാന പദ്ധതിക്ക് കോട്ടം തട്ടിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രഖ്യാപിച്ച സമയത്ത് തന്നെ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നത്. ഇതാദ്യമായിട്ടല്ല കേരളത്തിലെ ദേശീയപാത നിര്‍മാണം വിവാദങ്ങളിലും പ്രശ്‌നങ്ങളിലും അകപ്പെടുന്നത്. കേരളത്തില്‍ പദ്ധതി നടക്കില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തങ്ങളുടെ ഓഫീസ് അടച്ച് പൂട്ടാന്‍ എന്‍എച്ച്‌ഐഎ തീരുമാനിച്ചിരുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ മാറിയതിന് ശേഷം ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. സ്ഥലം ഏറ്റെടുക്കുന്നതിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും പ്രതിഷേധങ്ങളിലും തട്ടി ദേശീയപാത നിര്‍മാണം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഒടുവില്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്താണ് കേരളത്തിലെ ഒമ്പത് ജില്ലകളിലൂടെ കടന്ന് പോകുന്ന ദേശീയപാതയുടെ നിര്‍മാണം പുരോഗമിക്കുന്നത്.
23 റീച്ചുകളിലായാണ് കേരളത്തിലെ പാത നീളുന്നത്. കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത 643 കിലോമീറ്റര്‍ ദൂരം വരും. 56,910 കോടിയായിരുന്നു ആദ്യം കണക്കാക്കിയ ചെലവ്. ഭൂമിക്കായി കേരളം നല്‍കിയത് 5600 കോടി രൂപയാണ്. പുതിയ കണക്കുകള്‍ പ്രകാരം 65000കോടിയാണ് ചിലവ്. 2022 ല്‍ നിര്‍മ്മാണം തുടങ്ങി പാത 2025 ഡിസംബറില്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. തെക്ക് മുതല്‍ വടക്ക് വരെയുള്ള പാത കൊണ്ട് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നതാണ് വികസനപരമായ നേട്ടം. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വികസനമാണ് ദേശീയപാതകൊണ്ടുള്ള മറ്റൊരു നേട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |