തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷമുള്ള കൊവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധന പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് ഐഎംഎ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും നാഷണല്‍ കോര്‍ഡിനേറ്ററുമായ ഡോക്ടര്‍ സുല്‍ഫി നൂഹ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. അപകടകരമായ നിലയിലെ വര്‍ദ്ധനവായി ഇപ്പോഴത്തെ അവസ്ഥയെ കാണേണ്ടതില്ലെന്നും എന്നാല്‍ രോഗവ്യാപനത്തെ ഗൗരവത്തോട് തന്നെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു മഹാമാരി കഴിഞ്ഞാലും അത് ലോകത്ത് എല്ലായിടത്തും ഇടയ്ക്ക് വന്ന് പോകുന്ന സ്ഥിതിയുണ്ടാകും. അതിന്റെ ഭാഗമായുള്ള വര്‍ദ്ധനവാണ് ഇപ്പോഴുള്ളത്. കേരളത്തിലെ കാലാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ ഒരു പ്രത്യേക സാഹചര്യമാണ്. മണ്‍സൂണ്‍ കാലം ആരംഭിച്ചിരിക്കുകയാണ്. ഇത് മറ്റ് പല മഴക്കാല രോഗങ്ങളുടേയും കൂടി കാലമാണ്. വൈറല്‍ പനികള്‍, ഡെങ്കി പനി പോലുള്ളവയും പടരുന്ന കാലമാണ്. അതുകൊണ്ട് തന്നെ വാക്‌സിന്‍ ഉണ്ടെന്നും സുരക്ഷിതമാണെന്നും പറയുമ്പോഴും ആ ഒരു അവസ്ഥയെ കൂടി ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കാനും സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും മടിക്കരുതെന്നും അദ്ദേഹം പറയുന്നു. ആവശ്യമുള്ളവര്‍ കൊവിഡ് പരിശോധന നടത്തുന്നതും നല്ലതായിരിക്കും. കാലാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ ആളുകളില്‍ രോഗം പെട്ടെന്ന് തന്നെ വന്ന് പോകാനാണ് സാദ്ധ്യത. എന്നാല്‍ ആറ് ആഴ്ച മുതല്‍ രണ്ട് മാസത്തിനുള്ളില്‍ ഇപ്പോഴത്തെ സ്ഥിതി മാറും. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് ഹൈറിസ്‌ക് കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
മാരക രോഗത്തിന് നിലവില്‍ ചികിത്സ തേടുന്നവരും മുമ്പ് ചികിത്സ തേടിയിരുന്നവരും ശ്രദ്ധ നല്‍കണം. അതോടൊപ്പം തന്നെ തീരെ ചെറിയ കുട്ടികളിലും ബുദ്ധിമുട്ട് സൃഷ്ടിക്കാനുള്ള സാദ്ധ്യതയുണ്ട്. പലരിലും ചെറിയ തോതിലായിരിക്കും രോഗം വന്ന് പോകുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളായ ചുമ പനി തുമ്മല്‍ എന്നിവയുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് പോലുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
273 കൊവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |