പാലക്കാട്: റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രതികരിച്ച് പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്‌ണകുമാർ. 'വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന വേടന്റെ ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടി എൻഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയിരിക്കുകയാണ് മിനി കൃഷ്‌ണകുമാർ.
'ഒരു കലാകാരൻ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തിയാണ്. അയാൾ ഒരു വലിയ ജനസമൂഹത്തിന് മുന്നിലാണ് ഇത് പാടിയിരിക്കുന്നത്. അതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം. അയാൾ അടിമത്ത വ്യവസ്ഥിതിയെക്കുറിച്ച് പറയുന്നുണ്ടല്ലോ, ഇപ്പോൾ ഭാരതത്തിൽ എവിടെയാണ് അടിമത്ത വ്യവസ്ഥ നിലനിൽക്കുന്നത്? പഴയകാല കാര്യങ്ങൾ ആരോപിച്ചുകൊണ്ട് പുതിയ കാലഘട്ടത്തിലേയ്ക്ക് സംശയത്തിന്റെ വിത്ത് പാകുകയാണ് വേടൻ ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടാണ് ജാതീയസങ്കൽപ്പങ്ങൾ പുതിയ രൂപത്തിൽ ആൾക്കാരിലേയ്ക്ക് കുത്തിവയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എൻഐഎയുടെ ചുമതലയാണ്. വേടനെതിരെ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം. ഞാനൊരു ഇന്ത്യൻ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. കേരളത്തിൽ ഇത് പറഞ്ഞിട്ട് എന്തുകൊണ്ടാണ് പരാതിപ്പെടാൻ ഇത്ര വൈകിയതെന്ന് അറിയില്ല. ഇത് എന്റെ കണ്ണിൽപ്പെട്ടയുടനെ എൻഐഎയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി കൊടുത്തിട്ടുണ്ട്. നാലുവർഷം മുൻപ് ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് പാട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടത്. അത് കണ്ടയുടനെ പ്രതികരിച്ചു. എങ്ങനെയാണോ പ്രതികരിക്കേണ്ടത്, ആ രീതിയിൽ തന്നെ പ്രതികരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്'- കൗൺസിലർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |