കിളിമാനൂർ: സീസൺ ആരംഭിച്ചപ്പോൾ രാജാവായിരുന്ന ചക്കയെ ഇപ്പോൾ ആരും ഗൗനിക്കാത്ത അവസ്ഥയാണ്. കേരളത്തിന്റെ സംസ്ഥാന ഫലമാണ് ചക്കയെങ്കിലും ചക്കയ്ക്ക് പദവി കിട്ടണമെങ്കിൽ കേരളം വിടണം. മഴക്കാലം ആരംഭിച്ചതോടെയും മറ്റു പഴങ്ങളുടെ വരവോടെയും മലയാളി ചക്കയെ മറന്ന മട്ടാണ്. പുരയിടങ്ങളിൽ ചക്ക പഴുത്തുവീണ് ഈച്ചയും കൊതുകും പെരുകുകയാണിപ്പോൾ.
സീസണിന്റെ ആദ്യ സമയങ്ങളിൽ ചക്കയ്ക്ക് നല്ല ഡിമാൻഡായിരുന്നു. എന്നാലിപ്പോൾ വെറുതെ നൽകിയാലും ആർക്കും വേണ്ട. തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാപാരികൾ പ്ലാവ് അടങ്കലെടുത്ത് ചക്ക കൊണ്ടുപോയിരുന്നു. എന്നാൽ ഉടമയ്ക്ക് തുച്ഛമായ വിലയാണ് നൽകിയിരുന്നത്. ഒരു ചക്കയ്ക്ക് തമിഴ്നാട്ടിൽ 200 മുതൽ 500 രൂപ വരെ വില കിട്ടും. കൊവിഡ് സമയത്തും ദാരിദ്ര്യ സമയത്തും പട്ടിണി മാറ്റാൻ സഹായിച്ച ചക്കയെ മഴക്കാലമായതോടെ ഉപേക്ഷിക്കാൻ കാരണം മഴക്കാലത്ത് രുചി കുറയുന്നു എന്നതിനാലാണ്.
ചക്ക ഉത്പന്നങ്ങൾക്ക് വൻ വില
തമിഴ്നാടിന്റെ വടക്കുകിഴക്ക് ഭാഗങ്ങളിൽ ചക്ക ഉണ്ടെങ്കിലും അവിടെ നിന്നെത്തിക്കുന്നതിനേക്കാൾ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്നതാണ് ലാഭമെന്ന് വ്യാപാരികൾ പറയുന്നു. അതോടൊപ്പം കേരള ചക്കയാണ് വറ്റൽ പോലുള്ള ഉത്പന്നങ്ങൾക്ക് രുചി നൽകുന്നതെന്നും ഇവർ പറയുന്നു. തുച്ഛമായ വിലയ്ക്ക് ചക്ക കൊണ്ടുപോയി വൻവിലയ്ക്കാണ് ചക്ക ഉത്പന്നങ്ങളായി തിരികെയെത്തുന്നത്.
ചക്ക വറ്റൽ, ചക്ക പായസം, ചക്ക അലുവ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. വരിക്ക ചക്കയ്ക്കാണ് ഡിമാൻഡേറെയും.
പോഷകമൂല്യമേറെ
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് തൊടികളിലും പറമ്പുകളിലുമെല്ലാം പ്ലാവുകൾ തഴച്ചുവളരുന്നത്. അതിനാൽ ചക്ക പോഷക സമ്പുഷ്ടമായ ഒരു ഭക്ഷ്യോത്പന്നമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ശരീരത്തിനാവശ്യമായ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് ചക്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |