മുംബയ്: രോഹിത് ശർമ്മയ്ക്കും വിരാട് കൊഹ്ലിക്കും ശേഷമുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. റിഷബ് പന്ത് വൈസ് ക്യാപ്റ്റനാകും. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, കുൽദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ രോഹിതിന്റെ അഭാവത്തിൽ ക്യാപ്ടനായിരുന്ന ജസ്പ്രീത് ബുംറയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയാത്തതിനാൽ ക്യാപ്ടൻസി വേണ്ടെന്ന് ബുംറ സെലക്ടർമാരെ അറിയിച്ചതിനാലാണ് ഗില്ലിലേക്ക് തിരിഞ്ഞത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മൂന്ന് മത്സരത്തിൽ കൂടുതൽ കളിക്കാൻ തനിക്ക് കഴിയില്ലെന്ന് ബുംറ സെലക്ടർമാരെ അറിയിച്ചെന്ന വിവരം പുറത്തുവന്നിരുന്നു. ഐപിഎല്ലിലൊഴികെ ഇന്ത്യൻ ടീമിനെ ഒരു ഫോർമാറ്റിലും നയിച്ചു പരിചയമില്ലെങ്കിലും എല്ലാ ഫോർമാറ്റിലും സ്ഥിരത പുലർത്തുന്നതാണ് ഗില്ലിന് അനുകൂലഘടകം. ഈ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റാൻസിന്റെ ക്യാപ്ടനായും ബാറ്ററായും മികച്ച ഫോമിലാണ് ഗിൽ.
ശുഭ്മാൻ ഗില്ലുമായി കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപനം. മലയാളി താരം കരുൺ നായരും ടീമിൽ ഇടം നേടിയിട്ടുണ്ട്. എട്ടുവർഷത്തിന് ശേഷമാണ് കരുൺനായർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. രഞ്ജി ട്രോഫിയിൽ ഉൾപ്പടെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കരുൺ കാഴ്ചവച്ചിരുന്നത്. രഞ്ജിയിലെ 10 മത്സരങ്ങളിൽ നാലുസെഞ്ച്വറിയടക്കം 863 റൺസ് കരുൺ നേടിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ്നാട് ബാറ്റർ സായ് സുദർശനനും ടീമിലെത്തിയിട്ടുണ്ട്. സായ്‌യും കരുണും ടെസ്റ്റ് പര്യടനത്തിന് മുമ്പ് ഇംഗ്ളണ്ടിൽ ചതുർദിനം കളിക്കാനായി പോകുന്ന ഇന്ത്യൻ എ ടീമിലുണ്ട്. പേസർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. അഞ്ചു ടെസ്റ്റുകളിലും കളിക്കാനുള്ള ഫിറ്റ്‌നെസ് ഷമിക്കില്ലെന്ന് കണക്കിലെടുത്താണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |