തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിൽ ചേരാൻ എൻട്രൻസ് പരീക്ഷ നടത്തുകയും അഡ്‌മിഷന് രണ്ട് ലക്ഷം രൂപ ചോദിക്കുകയും ചെയ്യുന്ന സ്‌കൂളിനെക്കുറിച്ചും മന്ത്രി പറഞ്ഞു. എൻ ഒ സിക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗീകാരം പിൻവലിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'ഒന്നാം ക്ലാസിൽ ചേരാൻ എൻട്രൻസ് പരീക്ഷ. വിദ്യാഭ്യാസം കച്ചവടമാണോ. ഞാൻ ആ സ്‌കൂളിനോട് പറയുന്നു, സ്‌കൂൾ നടത്താൻ വേണ്ടി എൻ ഒ സി നൽകിയ സർക്കാർ, എൻ ഒ സിക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗീകാരം പിൻവലിക്കാനും മടിക്കില്ല. ആ സ്‌കൂളിന്റെ പേര് ഞാൻ പറയുന്നില്ല.
അതുമാത്രമല്ല വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം കൊടുക്കണം. അങ്ങനെയുള്ള പുരോഗമന ചിന്തയുള്ള കേരളത്തിലെ ഒരു സ്‌കൂളിൽ ഇന്നലെ ഒരാൾ അഡ്മിഷനുവേണ്ടി പോയി, രണ്ട് ലക്ഷമാണ് ചോദിച്ചത്. രണ്ട് ലക്ഷമില്ലാത്തതുകൊണ്ട് ഒരു ലക്ഷം അടച്ചു, എന്നിട്ട് വീട്ടിൽച്ചെന്ന് പണയംവച്ചോ മറ്റോ ഒരു ലക്ഷം കൊടുത്തു. പക്ഷേ ഇത് ആരും എഴുതിത്തരുന്നില്ലല്ലോ. എഴുതിത്തന്നാലല്ലേ നടപടി സ്വീകരിക്കാനാകൂ.'- മന്ത്രി പറഞ്ഞു.
അതേസമയം, പുതിയ അദ്ധ്യയന വർഷം തിങ്കളാഴ്‌ച ആരംഭിക്കും. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |