ന്യൂഡൽഹി: കനത്ത മഴയും കൊടുങ്കാറ്റും കാരണം ഇൻഡിഗോ വിമാനത്തിന്റെ ലാൻഡിംഗ് നിർത്തിവച്ചു. വിമാനം ശക്തമായി കുലുങ്ങുന്നതിന്റെയും യാത്രക്കാർ നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റായ്‌പൂരിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട 6ഇ 6313 ഇൻഡിഗോ വിമാനത്തിന്റെ ലാൻഡിംഗാണ് നിർത്തിവച്ചത്.
വിമാനം ലാൻഡിംഗ് നടത്താൻ മിനിട്ടുകൾ മാത്രം അവശേഷിക്കവേയാണ് മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റ് നിർണായക തീരുമാനം എടുത്തത്. വിമാനത്താവളത്തിനോടടുത്ത വിമാനം വീണ്ടും ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.05ന് ലാൻഡ് ചെയ്യേണ്ട വിമാനം ആകാശത്തിൽ ചുറ്റികറങ്ങിയതിനുശേഷം 5.43നാണ് നിലത്തിറക്കിയത്.
അതിനിടയിൽ മോശം കാലാവസ്ഥ കാരണം ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തിയ നാല് വിമാനങ്ങളാണ് ചണ്ഡീഗഡിലേക്കും അമൃത്സറിലേക്കും വഴിത്തിരിച്ചുവിട്ടത്. അതേസമയം, ഡൽഹിയിൽ ശക്തമായ മഴ തുടരുകയാണ്. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഡൽഹിയിലെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത് 76 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |