കടകളിൽ നിന്ന് വാങ്ങിയ പച്ചക്കറികളും പഴങ്ങളുമൊക്കെ മഞ്ഞൾ വെള്ളത്തിലോ വിനാഗിരിയിലോ മറ്റോ ഇട്ട് നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് പറയാറുണ്ട്. ഇതുവഴി പച്ചക്കറിയുടെയൊക്കെ പുറമേയുള്ള അണുക്കളെയും മറ്റും തുരത്താനാകും. എന്നാൽ അതിനുള്ളിലുള്ളവയെയോ? അത്തരത്തിൽ ക്യാപ്സിക്കം മുറിച്ചപ്പോൾ കണ്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വീട്ടമ്മ.
പതിവുപോലെ അടുക്കള ജോലിയുടെ തിരക്കിലായിരുന്നു വീട്ടമ്മ. ക്യാപ്സിക്കം നന്നായി കഴുകിയ ശേഷം കത്തികൊണ്ട് മുറിക്കുകയായിരുന്നു. പെട്ടെന്ന് അതിനുള്ളിൽ ജീവനുള്ള തേളിനെ കണ്ടു. അപ്രതീക്ഷിതമായി ഇതിനെ കണ്ടതും വീട്ടമ്മ ആദ്യം ഒന്ന് പേടിച്ചു. പിന്നാലെ അത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
അനക്കമില്ലാത്ത നിലയിലായിരുന്നു തേൾ. ചത്തതാണെന്ന് കരുതി, പക്ഷേ വീട്ടമ്മ അതിനെ പതുക്കെ കത്തികൊണ്ട് തട്ടിയപ്പോൾ, അത് ചലിക്കാൻ തുടങ്ങി. ഇതോടെ ജീവനുണ്ടെന്ന് മനസിലായി. മുന്നറിയിപ്പെന്ന നിലയിലാണ് ഈ സ്ത്രീ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വളരെ വിഷമുള്ളതും അപകടകരവുമാണെന്ന് വീട്ടമ്മ വ്യക്തമാക്കി.
വെണ്ടയടക്കമുള്ള പച്ചക്കറികളിൽ പുഴുക്കളെ കാണുന്നത് സാധാരണമാണെങ്കിലും, ഇത് തികച്ചും വ്യത്യസ്തമാണെന്ന് വീട്ടമ്മ പറയുന്നു. 'അത് വളരെ അപ്രതീക്ഷിതമായിരുന്നു, പഴങ്ങളിലും പച്ചക്കറികളിലും പുഴുക്കളെ കാണുന്നത് സാധാരണമാണ്. ഒരുപക്ഷേ ക്യാപ്സിക്കത്തിന്റെ താഴത്തെ ഭാഗത്ത് ദ്വാരം ഉണ്ടായിരിക്കാം. അതുവഴിയായിരിക്കാം അകത്തുകടന്നത്. പക്ഷേ അത് വളരെ ഭയാനകമായ ഒരു അനുഭവമായിരുന്നു.'- വീട്ടമ്മ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |