രാവിലെ പോയി വൈകിട്ട് തിരിച്ച് വീട്ടിലെത്തുന്ന ഒരു ജോലി കിട്ടാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതെല്ലാവർക്കും സാധിക്കണമെന്നില്ല. ഇന്ന് അന്യനാടുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇങ്ങനെയുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വാടക വീട് കണ്ടെത്തുകയെന്നതാണ്.
ബ്രോക്കർമാർ വഴിയും ഒ എൽ എക്‌സിലുമൊക്കെ തപ്പി അവസാനം മനസിനിണങ്ങിയ ഒരെണ്ണം കിട്ടിയെന്ന് വയ്ക്കുക, വാടക ചിലപ്പോൾ നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരത്തിൽ ബംഗളൂരുവിൽ മൂന്ന് ബെഡ്‌റൂമുള്ള ഒരു വീടിന്റെ വാടകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
1,464 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്‌മെന്റിന്റെ ചിത്രത്തിനൊപ്പമാണ് വാടകയടക്കമുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. 2.7 ലക്ഷം രൂപയാണ് മാസ വാടക. ഞെട്ടാൻ വരട്ടെ, സെക്യൂരിറ്റി ഡെപ്പോസിറ്റായി 15 ലക്ഷം രൂപയും നൽകണം.
ഇതിന്റെ സ്‌ക്രീൻഷോട്ട് ഒരാൾ റെഡ്ഡിറ്റിൽ പങ്കുവച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഇത് ശരിക്കും ആളുകൾക്ക് നൽകുന്നത് തന്നെയാണോ? ഫ്ളാറ്റ് ഏറ്റവും മികച്ചതായി തോന്നുന്നു.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം റെഡ്ഡിറ്റിൽ പങ്കുവച്ചത്.
'ആരും ഇതിന് പണം നൽകില്ല. ഇതേപോലത്തെ മറ്റ് ഫ്ളാറ്റുകൾക്ക് 50,000 രൂപയൊക്കെയാണ് ഈടാക്കുന്നത്', 'ഇങ്ങനെ പോയാൽ സാധാരണക്കാർക്ക് ജീവിക്കാനാകില്ല', 'ഇതെങ്ങോട്ടാണ് ഈ പോക്ക്, സാധാരണക്കാർക്ക് ജീവിക്കേണ്ടേ'- തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |