ചെന്നൈ: ഐആർസിടിസി വെബ്‌സൈറ്റ് വഴിയുള്ള അനധികൃത ടിക്കറ്റ് ബുക്കിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് തടയും. ബോട്ട് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിയമവിരുദ്ധമായ ടിക്കറ്റ് ബുക്കിംഗ് തടയുന്നതെന്ന് ഐആർസിടിസിയുടെ ഐടി വകുപ്പ് ജനറൽ മാനേജർ സുധീഷ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ഇന്ത്യൻ റെയിൽവെ നേരിട്ട പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു ടിക്കറ്റ് തട്ടിപ്പ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതോടെ റെയിൽവെയുടെ പ്രവർത്തനം സുഖമമാകും.
വ്യാജ ഐഡി ഉപയോഗിച്ച് ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന ഒരു സംഘം തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. ഇവർ ബുക്കിംഗ് വിൻഡോ ഓപ്പൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ കൂട്ടത്തോടെ ബുക്ക് ചെയ്യും. ഇതോടെ യഥാർത്ഥ യാത്രക്കാർ വെയിറ്റിംഗ് ലിസ്റ്റിലേക്ക് പോകും. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ യാത്രക്കാർക്ക് ഈ തട്ടിപ്പ് നിരാശയ്ക്ക് കാരണമായിരുന്നു. രണ്ട് മാസത്തെ ബുക്കിംഗ് സമയം ഉണ്ടായിട്ടും പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നുവെന്ന് യാത്രക്കാർ പതിവായി പരാതിപ്പെട്ടിരുന്നു.
പലപ്പോഴും ബുക്കിംഗ് സമയം തുറന്ന് ഒരു മിനിറ്റിനുള്ളിൽ തന്നെ ടിക്കറ്റ് കാലിയാകാറുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഐആർസിടിസി അന്വേഷണം ആരംഭിക്കുകയും സ്റ്റാൻഡേർഡ് ബുക്കിംഗ് പ്രോട്ടോക്കോളുകൾ മറികടക്കാൻ വ്യാജ ഐഡികൾ ഉപയോഗിക്കുന്ന ഒരു സൈബർ തട്ടിപ്പ് ശൃംഖല കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയ തട്ടിപ്പിന്റെ വ്യാപ്തി അത്രത്തോളം വലുതായിരുന്നുവെന്ന് റെയിൽവെ വ്യക്തമാക്കുന്നു.
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് കൈക്കലാക്കിയ സ്ഥിരീകരിച്ച ടിക്കറ്റുകൾ ഏജന്റുമാർ അനൗദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അമിത വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഓട്ടോമേറ്റഡ് ടൂളുകളും ബോട്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ, ജനറൽ, തത്കാൽ ബുക്കിംഗ് വിൻഡോകൾ ഔദ്യോഗികമായി തുറക്കുന്നതിന് അഞ്ച് മിനിറ്റിനുള്ളിൽ 2.9 ലക്ഷം പിഎൻആറുകൾ സൃഷ്ടിക്കപ്പെട്ടതായി ഐആർസിടിസി കണ്ടെത്തി. ഇത് ബുക്കിംഗ് മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ഐആർസിടിസി പറയുന്നു. അന്വേഷണത്തിന് പിന്നാലെ അനധികൃതമായ ബുക്കിംഗിന് ഉപയോഗിച്ചിരുന്ന 2.5 കോടി വ്യാജ ഐഡികൾ റെയിൽവേ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |