കോഴിക്കോട്: താമരശ്ശേരിയില്‍ പറമ്പില്‍ നിന്നും ശേഖരിച്ച കൂണ്‍ പാകം ചെയ്ത് കഴിച്ച് ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായിക്കുന്നുമ്മല്‍ സ്വദേശിയായ അബൂബക്കറിനും കുടുംബാംഗങ്ങള്‍ക്കുമാണ് ആണ് വിഷബാധയേറ്റത്. വ്യാഴാഴ്ച വൈകീട്ട് അറഫാ നോമ്പുതുറ സമയത്ത് പറമ്പില്‍ നിന്നും ശേഖരിച്ച കൂണ്‍ പാകം ചെയ്ത് കഴിക്കുകയായിരുന്നു.
അബൂബക്കര്‍ (67), ഷബ്‌ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിന്‍ (17), മുഹമ്മദ് റസന്‍ (12) എന്നിവരാണ് ദേഹാസ്വാസ്ഥ്യം മൂലം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കൂണില്‍ നിന്നാണ് വിഷബാധയുണ്ടെയന്ന് മനസിലായത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
രാത്രി നോമ്പ് തുറക്കുന്നതിനായി അത്താഴത്തോടൊപ്പം കഴിക്കാന്‍ പാകം ചെയ്ത് വെച്ച കൂണ്‍ രുചിച്ചു നോക്കിയപ്പോഴാണെന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്ന് കുടുംബം പറയുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവര്‍ കൂണ്‍ രുചിച്ചു നോക്കിയത്, ഉടന്‍ തന്നെ ചര്‍ദ്ദി തുടങ്ങിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഫിറോസിന്റെ വീടിനു പിന്നിലെ പറമ്പില്‍ നിന്ന് ശേഖരിച്ച കൂണ്‍ പാകം ചെയ്ത ശേഷം സമീപത്തുള്ള സഹോദരന്‍ അബൂബക്കറിന്റെ വീട്ടിലേക്കും നല്‍കുകയായിരുന്നു. മുമ്പും വീട്ടിലെ പറമ്പില്‍ നിന്നും കൂണ്‍ ശേഖരിച്ച് ഇവര്‍ പാകം ചെയ്ത് കഴിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വിഷബാധ ഏല്‍ക്കുന്നതെന്നും കുടുംബം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |