മലപ്പുറം: കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. നിലമ്പൂരിൽ മരണവിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ സംശയം തോന്നുന്നു. സംശയിക്കത്തക്ക ഗുരുതരമായ സാഹചര്യം അവിടെ നിലനിൽക്കുന്നുണ്ട്. അവിടെ തിരഞ്ഞെടുപ്പ് നടക്കുകയല്ലേ. ഇത് സർക്കാരിനെതിരായ പ്രചാരണമാണ്. ബോധപൂർവം ചെയ്തതാണോയെന്ന് സംശയമുണ്ട്. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും ഗുണഭോക്താക്കളെന്നും മന്ത്രി ചോദിച്ചു.
അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ഫെൻസിംഗിൽ നിന്നാണ് കുട്ടികൾക്ക് ഷോക്കേറ്റതെന്നും അപകടത്തിന് പിന്നിൽ വനംവകുപ്പാണ് എന്ന് വിധിയെഴുതുന്നതിൽ ബോധപൂർവമായ ശ്രമമുണ്ടെന്നും വനംമന്ത്രി മുൻപ് പറഞ്ഞിരുന്നു. അപകടത്തിൽ സർക്കാരിനോ വനംവകുപ്പിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്‌കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. എന്നാൽ സംഭവം അന്വേഷിച്ച് വനംവകുപ്പിന് വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലപ്പുറം നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് അപകടമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (ജിത്തു,15) ആണ് ഇന്നലെ രാത്രി മരിച്ചത്. സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിലായിട്ടുണ്ട്. അനന്തുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മനഃപ്പൂർവം അല്ലാത്ത നരഹത്യക്ക് മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |