SignIn
Kerala Kaumudi Online
Sunday, 20 July 2025 7.14 PM IST

'വനം മന്ത്രി അസത്യമായ വാദം തെളിയിക്കണം, ഇല്ലെങ്കിൽ രാജിവയ്ക്കണം': എകെ ശശീന്ദ്രനെതിരെ സണ്ണി ജോസഫ്

Increase Font Size Decrease Font Size Print Page
sunny-joseph

തിരുവനന്തപുരം: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിക്കാനിടയാക്കിയ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മന്ത്രിയുടെ വാദം അടിസ്ഥാന രഹിതവും മനുഷ്യത്വ രഹിതവുമാണ്. ഒരു കുട്ടിയുടെ ദാരുണമായ മരണത്തിൽ വേദനിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. അതിന് ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറം ജില്ലയുടെ ഭാഗമല്ലെ നിലമ്പൂർ? അപ്പോൾ നിലമ്പൂരിലെ വഴിക്കടവിൽ ഇങ്ങനെയൊരു സംഭവം നടന്നാൽ സ്വാഭാവികമായും പ്രതിഷേധം ഉയരില്ലെ? മാദ്ധ്യമ വാർത്തകളിലൂടെ ജനം ഈ സംഭവം അറിഞ്ഞിട്ടും മന്ത്രിക്കുമാത്രം അറിയില്ല. മന്ത്രിയുടെ ന്യായത്തിൽ യുക്തിയില്ല. വനം മന്ത്രിയുടെ അസത്യമായ വാദം തെളിയിക്കാൻ മന്ത്രിയോട് ആവശ്യപ്പെടുന്നെന്നും പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വനം മന്ത്രിയുടെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തള്ളാനും വിഴുങ്ങാനും കഴിയില്ല. ഏത് അന്വേഷണത്തേയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. പക്ഷെ, മന്ത്രി എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. ഒരു കുഞ്ഞു മരിക്കാനിടയാക്കിയ സംഭവത്തെ രാഷ്ട്രീയവത്കരിച്ചത് വനം മന്ത്രിയാണ്. അദ്ദേഹത്തിന്റെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളം ഇന്നാകെ അനുഭവിക്കുന്നത്. കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനാലാണല്ലോ വൈദ്യുതി വേലികൾ സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാക്കുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

വളരെ പരിതാപകരവും മ്ലേച്ചവുമാണ് മന്ത്രിയുടെ നിലപാട്. അതിനെ തള്ളാനും കൊള്ളാനും കഴിയാത്ത എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് അദ്ദേഹം പുനഃപരിശോധിക്കണം. ഇതിന്റെ ഉത്തരവാദിത്തം കേരളത്തിലെ വനം വകുപ്പിനാണ്. വന്യമൃഗശല്യം വനാതിർത്തിയിൽ മാത്രമല്ല,ജനവാസ മേഖലയിൽ നിരവധി സ്ഥലങ്ങളിലുണ്ട്. വന്യമൃഗ ആക്രമണം തുടർക്കഥയാകുമ്പോൾ വനം മന്ത്രി ഉറങ്ങുകയാണ്.മയക്കുവെടിയേറ്റത് ആനയ്‌ക്കോ,കടുവയ്‌ക്കോ അല്ല കേരളത്തിലെ വനം മന്ത്രിക്കാണെന്ന് പൊതുവിമർശനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

വനം മന്ത്രി ഉറക്കം നടിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇത്തരം പ്രസ്താവനകളിലൂടെ വനം മന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. അതുവിലപ്പോകില്ലെന്നും ഒരു പാവപ്പെട്ട കുട്ടി മരണപ്പെപ്പോൾ അതിൽ ഗൂഢാലോചന ആരോപിക്കുന്ന മന്ത്രിയെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും സണ്ണി ജോസഫ് വ്യക്കമാക്കി. ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വനം മന്ത്രി രാജിവെയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ തിരുത്തണം.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താൻ രണ്ടു അടിയന്തര പ്രമേയങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സഭയിൽ പത്തു തവണയെങ്കിലും ഈ വിഷയത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ടി.സിദ്ധിഖും മാത്യുകുഴൽ നാടനും സമാന അടിയന്തര പ്രമേയം കൊണ്ടുവന്നു. അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുന്നതിനോ മുഖ്യമന്ത്രി ജന പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല. വനം വകുപ്പിന്റെ നിസംഗത കേരളത്തിലാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വനം മന്ത്രി ഉറക്കം തൂങ്ങികയും ഒട്ടകപക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തുകയുമാണ് ചെയ്യുന്നത്. സർക്കാർ ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കിൽ ചർച്ചചെയ്യാൻ സഭയിൽ തയ്യാറാകുമായിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്ഷേപിക്കാൻ മന്ത്രി തയ്യാറായത് എന്തടിസ്ഥാനത്തിലാണ്. താൻ പഠിപ്പിച്ച കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തൽ വേദനയോടെ കേരളം കണ്ടതാണ്. മന്ത്രിയ്ക്ക് മാന്യതയും സത്യസന്ധതയും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് സണ്ണി ജോസഫ് ആവർത്തിച്ച് ആവശ്യപ്പെട്ടു.

TAGS: KERALA, KPCC, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.