ദുൻഗർപൂർ : 70 വർഷത്തെ ലിവ്-ഇൻ ബന്ധത്തിന് ശേഷം 95കാരൻ 90കാരിയെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ദുൻഗർപൂരിലാണ് ഏറെ കൗതുകമുണർത്തുന്ന വൃദ്ധ ദമ്പതികളുടെ വിവാഹം നടന്നത്. ഗലന്ദർ ഗ്രാമത്തിലെ രാമ ഭായി അങ്കാരിയും ജിവാലിദേവിയുമാണ് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം.
നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉൾപ്പെടെ എട്ട് കുട്ടികളാണ് ദമ്പതിമാർക്കുള്ളത്. നിരവധി പേരക്കുട്ടികളുമുണ്ട്. പേരക്കുട്ടികളിൽ നാലുപേർ സർക്കാർ തസ്തികകളിലാണ് ജോലി ചെയ്യുന്നത്. രാമഭായിയും ജീവാലി ദേവിയും ഒരിക്കലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല,എന്നിട്ടും അവരുടെ ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. പരമ്പരാഗത ആചാരത്തോടെ ബന്ധം ഔപചാരികമാക്കാനുള്ള ആഗ്രഹം അവർ മക്കളോട് പ്രകടിപ്പിച്ചപ്പോൾ മക്കൾ എല്ലാവരും മാതാപിതാക്കളെ പിന്തുണയ്ക്കുക മാത്രമല്ല, അത് ആഘോഷമാക്കാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്തു.
ഹൽദി, മെഹന്തി, ഡിജെ, നൃത്തം, ഘോഷയാത്ര തുടങ്ങിയ വിവാഹത്തിലെ എല്ലാ പതിവ് ആചാരങ്ങളും വൃദ്ധ ദമ്പതിമാരുടെ വിവാഹത്തിലും മക്കളുടെ നേതൃത്വത്തിൽ നടത്തി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും വൈറലാകുകയും ചെയ്തു. മറ്റേതൊരു വിവാഹത്തെയും പോലെ ഗംഭീരമായിരുന്നു ചടങ്ങ്. വധുവു വരനും കുടുംബാംഗങ്ങളുടെ സ്നേഹത്താൽ ചുറ്റപ്പെട്ട് പുഞ്ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് കാണപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |