മനുഷ്യർ 20-ാം നൂറ്റാണ്ടിൽ നടത്തിയ ഏറ്റവും പ്രധാന കണ്ടെത്തലുകളിലൊന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി (എഐ). ഏറെ പ്രയാസകരമായ പല കാര്യങ്ങളും വളരെ എളുപ്പം ചെയ്യാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിയുന്ന രീതിയാണിത്. ചാറ്റ് ജിപിടി പോലെയുള്ള എഐ ടൂളുകൾ മുതൽ മനുഷ്യസാന്നിദ്ധ്യം ആവശ്യമില്ലാതെ ജോലി ചെയ്യുന്ന ഫാക്‌ടറികളുടെ തുടക്കം വരെ എഐ സാങ്കേതികവിദ്യ എത്തിനിൽക്കുന്നു.
എഐ: ജോലിയെ എളുപ്പമാക്കുന്നൊരു സഹായി
1950കളിൽ, കണ്ടെത്തിയ സമയം എഐ സാങ്കേതികവിദ്യ ശാസ്‌ത്രജ്ഞർക്ക് അവരുടെ ജോലിയെ സഹായിക്കാനുള്ള ഉപാധിയായിരുന്നു എങ്കിൽ ഇന്ന് അത് സാധാരണ ജീവിതത്തിന്റെ ഭാഗമായി മാറി. കൂടുതൽ ജനകീയമായി മാറി എന്ന് അർത്ഥം. എന്നാൽ ഇത്തരത്തിൽ ജനകീയമായി എഐ മാറുന്നതോടൊപ്പം അതിന്റെ വെല്ലുവിളികളും കൂടി എന്ന് പറയാം. വരുംകാലത്ത് എല്ലാ മേഖലയിലും എഐ ഇല്ലാതെ ചിന്തിക്കാനാകില്ല. മനുഷ്യബുദ്ധി എന്നത് നാം പഠിച്ച കാര്യങ്ങളെ മതിയായ അറിവും വിവേകവും ഉപയോഗിച്ച് ചെയ്യാനുള്ള കഴിവാണ്. അതുപോലെതന്നെയാണ് നിർമ്മിതബുദ്ധിയും. മനുഷ്യർ ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ ഒരു യന്ത്രം തനിയെ ചെയ്യുന്നതാണിത്.
അഞ്ച് വർഷത്തിനകം വരുന്ന മാറ്റം
പലമേഖലയിലും എഐ കടന്നുവന്നതോടെ മനുഷ്യരുടെ ജോലിയും പ്രസക്‌തിയും ആ മേഖലയിൽ നഷ്‌ടമാകും എന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഉടൻ മാറ്റംവരാവുന്ന ജോലികളെക്കുറിച്ച് അടുത്തിടെ ലേഖനങ്ങൾ പുറത്തുവന്നിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനികളിലെ എച്ച്‌ആർ വിഭാഗത്തിൽ എഐ പിടിമുറുക്കും എന്നതാണ് അവയിലൊന്ന്. ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണം ഇപ്പോൾ നടന്നുവരികയാണ്. ഇത് യാഥാർത്ഥ്യമായാൽ ഡ്രൈവർമാർ, ഡെലിവറി ഏജന്റുമാർ എന്നീ വിഭാഗത്തിൽ ഉള്ളവരുടെ ജോലി നഷ്‌ടമാകും എന്ന് പറയപ്പെടുന്നു. കോഡിംഗ് മേഖലയിലെ തൊഴിലുകളും ഇത്‌മൂലം നഷ്‌ടമാകും എന്ന് പറയപ്പെടുന്നുണ്ട്.
ബിൽ ഗേറ്റ്‌സ് പറയുന്നത്
എന്നാൽ ലോകത്തിലെ സമ്പന്നരിൽ പ്രധാനിയും മൈക്രോസോഫ്‌റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് പറയുന്നത് കോഡിംഗ് മേഖലയിൽ മനുഷ്യർക്കുള്ളത്ര പ്രാവീണ്യം എഐയ്‌ക്കില്ല എന്നാണ്. അതിനാൽ കോഡിംഗ് മനുഷ്യർ തന്നെയാകും കൈകാര്യം ചെയ്യുക. ഒപ്പം ഊർജമേഖലയിലും വൈദ്യശാസ്‌ത്ര മേഖലയിലെ വികസനത്തിന് ഗവേഷണം നടത്തുന്നവരും നിലനിൽക്കും എന്നാണ് ബിൽ ഗേറ്റ്സിന്റെ വാദം.
എഐ ശരിക്കും മനുഷ്യന് ഭീഷണിയാണോ? ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനം ആൽഫബെറ്റിന്റെ സിഇഒയായ സുന്ദർ പിച്ചൈ. ബിൽ ഗേറ്റ്സിന്റെ അഭിപ്രായത്തിനോട് അടുത്തുവരുന്നതാണ് സുന്ദർ പിച്ചൈയുടെയും അഭിപ്രായം.
സുന്ദർ പിച്ചൈ പറയുന്നതിങ്ങനെ
ചാറ്റ് ജിപിടി, ഗൂഗിൾ ജിമിനി തുടങ്ങി എഐ ടൂളുകൾ മനുഷ്യൻ അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ചെയ്യാൻ പ്രാപ്‌തമാണ്. ഓപ്പൺ എഐയുടെ ഡീപ്പ് റിസർച്ച് ഏജന്റും ഗൂഗിൾ ജിമിനിയുടെ ഡീപ്പ് മൈന്റ് ടൂളും പല എഞ്ചിനീയർമാരെക്കാളും മികവാർന്ന രീതിയിൽ കോഡിംഗും ജോലികൾ എളുപ്പം തീർക്കാനും പ്രാപ്‌തിയുള്ളവയാണ് എന്ന് തെളിയിച്ചു.
എങ്കിലും അടുത്തിടെ പുറത്തുവന്ന ഒരു പോഡ്‌കാസ്‌റ്റ് അഭിമുഖം അനുസരിച്ച് നിലവിൽ ഗൂഗിളിലെ സോഫ്റ്റ്‌വെയർ കോഡ് നിർമ്മാണത്തിൽ 30 ശതമാനം എഐ ടൂളുപയോഗിച്ചാണ്. ഇവ പക്ഷെ കമ്പനിയിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ സഹായിക്കാൻ ഉദ്ദേശിച്ചാണ്. മാത്രമല്ല അടുത്തുതന്നെ പുതിയ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ ജോലിക്കെടുക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിന് കാരണമായി പിച്ചൈ പറയുന്നത് മനുഷ്യന്റെ ഒരു സവിശേഷതയാണ്.
മിടുക്കരായ മനുഷ്യർക്കുള്ള സർഗാത്മകതയും പ്രശ്‌ന പരിഹാര ബുദ്ധിയും എഐയ്ക്ക് ഇല്ല. പലരും ഈ മേഖലയിൽ ആസ്വദിച്ച് ജോലി ചെയ്യുന്നതായും സുന്ദർ പിച്ചെ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന് പകരമാകുന്നതിനല്ലാതെ മനുഷ്യ ശേഷിയെ സഹായിക്കുന്നതിനാണ് എഐ ടൂളുകൾ എന്നതാണ് സുന്ദർ പിച്ചൈ വിശ്വസിക്കുന്നത്. അതിനാൽ ഈ മേഖലയിൽ എഐ കടന്നുവരവ് ജോലിനഷ്‌ടം വരുത്തില്ല എന്നാണ് അദ്ദേഹം കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |