ന്യൂഡൽഹി: സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന ആദ്യ കാഴ്ച പരിമിതിയുള്ള അഭിഭാഷകയായി ചരിത്രം രചിച്ച് അഞ്ചൽ ഭതേജ. ഉത്തരാഖണ്ഡിലെ സിവിൽ സർവീസ് നിയമത്തെ ചോദ്യം ചെയ്‌ത പരാതിക്കാരന് വേണ്ടിയാണ് അഞ്ചൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹാജരായത്.
കാഴ്‌ച പരിമിതിയുള്ള ഒരാൾക്ക് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ജോലി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് അഞ്ചൽ പറഞ്ഞു. ജനനസമയത്ത് കാഴ്ചക്കുറവുള്ള കുട്ടിയായിരുന്നു അഞ്ചൽ. പത്താം ക്ലാസ് വരെ സാധാരണ സ്‌കൂളിലാണ് പഠിച്ചത്. എന്നാൽ ബോർഡ് പരീക്ഷയ്‌ക്ക് തൊട്ടുമുമ്പ് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഡിജിറ്റൽ ആക്‌സസിബിലിറ്റി ഉപകരണങ്ങൾ ഉപയോഗിച്ചാണ് പിന്നീട് പഠനം പൂർത്തിയാക്കിയത്. മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതി. ബംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലെ ആദ്യ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിനിയാണ് അഞ്ചൽ. 2023ൽ നിയമ പഠനം പൂർത്തിയാക്കിയ അഞ്ചൽ ഡൽഹിയിൽ പ്രമുഖ നിയമ സ്ഥാപനത്തിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |