ദിവസേന ലക്ഷക്കണക്കിന് സാധനങ്ങളായിരിക്കും ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത്. ഒരു സ്ഥലത്തും യാത്ര ചെയ്യാതെ തന്നെ ഇഷ്ടപ്പെട്ട വസ്‌തുക്കൾ കയ്യിലെത്തുമെന്നതാണ് ഓൺലൈൻ ഷോപ്പിംഗിന്റെ പ്രത്യേകത. എന്നാൽ അടുത്തിടെയായി ഓൺലൈൻ ഷോപ്പിംഗിൽ തട്ടിപ്പുകൾ വ്യാപകമാവുകയാണെന്ന പരാതികൾ ശക്തമാണ്. ഓർഡർ ചെയ്തവയല്ല ലഭിക്കുന്നതെന്നും കേടായവയാണ് ലഭിക്കുന്നതെന്നുമാണ് കൂടുതൽ പരാതികളും. ഇതിന് തടയിടാനായി ആമസോൺ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഓർഡർ ചെയ്ത വസ്തുക്കൾ ലഭിച്ചാലുടൻ തന്നെ പാക്കേജിലെ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ആമസോൺ ആവശ്യപ്പെടുന്നത്. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിവ. പിങ്ക് അല്ലെങ്കിൽ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ആണ് സീലിൽ ഉപയോഗിക്കുന്നത്. ആരെങ്കിലും ചൂട് ഉപയോഗിച്ച് ഈ ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാൽ ഡോട്ടിന്റെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകൾ വെള്ളയായിരിക്കും. പാക്കേജ് തുറക്കാൻ ശ്രമിച്ചാൽ ഡോട്ട് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും. ഇതോടെ സീൽ പൊട്ടിച്ചതാണോയെന്നും വസ്തുക്കൾ മാറ്റിയോയെന്നും ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.
സീലിലെ ഡോട്ട് വെള്ള നിറമാണെങ്കിൽ പാക്കേജ് ആരും തുറന്നിട്ടില്ലെന്ന് ഉറപ്പിക്കാം. പിങ്കോ ചുവപ്പോ നിറത്തിലെ ഡോട്ടുകൾ കണ്ടാൽ പാക്കേജ് മറ്റാരോ തുറന്നു എന്നാണർത്ഥം. അത്തരം പാക്കേജുകൾ സ്വീകരിക്കരുതെന്നാണ് ആമസോൺ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയുടെ പാക്കേജിലാണ് ഈ സീലുള്ളത്. ഭാവിയിൽ മറ്റ് വസ്തുക്കൾക്കും ഇത് ഉപയോഗിക്കപ്പെടുമെന്നാണ് വിവരം.
What is this technology? pic.twitter.com/QyhuYaQYMj
— Sujit 🇮🇳 (@skh27) June 1, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |