തിരുവനന്തപുരം:ഇലക്ട്രിസിറ്റി വർക്കർ/മസ്‌ദൂർ തസ്തികയുടെ സ്‌പെഷ്യൽ റൂൾ വൈകുന്നതിനാൽ താത്കാലികക്കാരെ നിയമിക്കാൻ നീക്കം. സെക്ഷൻ ഓഫീസുകളിൽ ജോലി ചെയ്യാൻ ആളില്ലാതായതോടെ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴിയും കരാറടിസ്ഥാനത്തിലും നിയമിക്കും. മൂവായിരത്തിലധികം പേരുടെ കുറവുള്ളതായാണ് വിവരം.
പത്താംക്ലാസ് ജയവും ഇലക്ട്രിഷ്യൻ/വയർമാൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുമാണ് യോഗ്യത. പോസ്റ്റിൽ കയറാൻ അറിയണം. 179 ദിവസത്തേക്കാകും നിയമനം. സ്ത്രീകൾക്ക് അപേക്ഷിക്കാനാകില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാതലത്തിൽ 15 ദിവസത്തെ പരിശീലനം നൽകും. പൊതുമാർഗ നിർദ്ദേശങ്ങളും നിബന്ധനകളും തയ്യാറാക്കി ബോർഡ് അധികൃതർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കും.
നിയമനം നടന്നിട്ട് വർഷങ്ങളേറെ
പത്താം ക്ലാസ് വിജയിക്കാത്തവർക്ക് ഓവർസിയർ തസ്‌തികയിൽ വരെ എത്താൻ കഴിയുമായിരുന്നതാണ് ഈ തസ്‌തിക. എന്നാൽ വർഷങ്ങളായി ഈ തസ്തികയിലേക്ക് നിയമനം നടക്കുന്നില്ല. സാങ്കേതിക യോഗ്യതകളില്ലാതെ വർക്കർമാരായി ജോലിയിൽ പ്രവേശിക്കുന്നവർ പ്രൊമോഷനിലൂടെ ഓവർസിയർ തസ്തികയിൽ എത്തുന്നത് സംബന്ധിച്ചുണ്ടായ പരാതികൾ കോടതിയിലെത്തിയതോടെ യോഗ്യതയിൽ കേന്ദ്ര വൈദ്യുതി അതോറിറ്റി മാറ്റം വരുത്തി. പത്താംക്ലാസ് ജയവും രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. എന്നാൽ സ്പെഷ്യൽ റൂൾ തയ്യാറാക്കി അംഗീകാരം നേടാൻ കെ.എസ്.ഇ.ബി തയ്യാറാകാത്തതിനാലാണ് പി.എസ്.സിക്ക് വിജ്ഞാപനമിറക്കാൻ കഴിയാത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |