കൊച്ചി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സത്യവാങ്‌മൂലം നൽകണമെന്ന് ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ് വിദ്യാർത്ഥികളുള്ളത്.
വിദ്യാർത്ഥികൾ അന്വേഷണവുമായി സഹകരിക്കണം, 50,000 രൂപയുടെ ബോണ്ട് നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിലേർപ്പെടരുത്, രാജ്യം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചു. പ്രതികളെ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വിട്ടയയ്ക്കും. ജൂൺ 16ാം തീയതി ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
സ്വകാര്യ ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പ് ചടങ്ങിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. താമരശേരി ഇൻസ്പക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറ് വിദ്യാർഥികളെ പ്രതികളാക്കി ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഷഹബാസിനെ വിദ്യാർത്ഥികൾ ആക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം, കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികൾ പ്ളസ് വൺ പ്രവേശനം നേടിയിരുന്നു. മൂന്നുപേർ താമരശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും ഒരാൾ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാൾ ഗവൺമെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്. താമരശേരിയിൽ രണ്ട് വിദ്യാർത്ഥികൾ താത്‌കാലികമായും ഒരാൾ സ്ഥിരപ്രവേശനവുമാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |