ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന മതമായി ഇസ്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ. 2010നും 2020നും ഇടയിലുള്ള 10 വർഷത്തിൽ മുസ്ലീം ജനസംഖ്യ 347 മില്ല്യൺ വർദ്ധിച്ചതായാണ് റിപ്പോർട്ട്. തൊട്ടു പിന്നാലെ ക്രിസ്തുമതം. മൂന്നാമതായി മതങ്ങളുമായി ബന്ധമില്ലാത്തവരാണ്. ഹിന്ദുക്കൾ നാലാം സ്ഥാനത്താണ്. ജൂൺ ഒമ്പതിന് പ്രസിദ്ധീകരിച്ച പ്യൂവിന്റെ ഗ്ലോബൽ റിലീജിയസ് ലാൻഡ് സ്കേപ്പിന്റെ റിപ്പോർട്ടിലാണ് നിർണായക വിവരം.
ജനസംഖ്യയുടെ വളർച്ച ആഗോള തലത്തിൽ മതത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൂതന്മാർ, മറ്റ് മതങ്ങളിൽപ്പെട്ടവർ, മതപരമായി ബന്ധമില്ലാത്തവർ തുടങ്ങിയ ഏഴ് വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് ഗവേഷകരുടെ റിപ്പോർട്ട്.
മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധന മറ്റെല്ലാ മതങ്ങളെയും അപേക്ഷിച്ച് കൂടുതലാണെന്നും ആഗോളതലത്തിൽ മുസ്ലീം ജനസംഖ്യ 1.8 ശതമാനം വർദ്ധിച്ച് 25.6 ശതമാനമായെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായ ക്രിസ്തുമതം രണ്ടാം സ്ഥാനത്താണ് ഇടം പിടിച്ചത്. ക്രിസ്ത്യാനികളുടെ എണ്ണം 122 മില്ല്യനോളം വർദ്ധിച്ച് 2.3 ബില്യണിലെത്തി.
യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ക്രിസ്തുമതത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരമായി ബന്ധമില്ലാത്ത ആളുകളുടെ എണ്ണം 270 മില്ല്യൺ വർദ്ധിച്ച് 1.9 ബില്യണായി. ലോകത്തിലെ മൊത്തത്തിലുള്ള ജനസംഖ്യയുടെ അതേ നിരക്കിൽ ഹിന്ദുക്കൾ വളർന്നു. ഏറ്റവും വേഗത്തിൽ വളരുന്ന പട്ടികയിൽ ഹിന്ദുക്കൾ നാലാം സ്ഥാനത്താണ്.
10 വർഷത്തിനുള്ളിൽ ജൂത ജനസംഖ്യ ഏകദേശം ആറ് ശതമാനമായി വർദ്ധിച്ചു. 14 മില്ല്യണിൽ നിന്നും 15 മില്ല്യണായാണ് വർദ്ധിച്ചത്. 2020 ലെ കണക്കനുസരിച്ച് 45.9 ശതമാനം ജൂതന്മാരും ഇസ്രായേലിലാണ് താമസിച്ചിരുന്നത്. വടക്കേ അമേരിക്കയിൽ ജൂത ജനസംഖ്യ 41.2 ശതമാനമാണ്. 2020 ൽ കുറഞ്ഞ ജനസംഖ്യയുള്ള ഒരേയൊരു മതവിഭാഗം ബുദ്ധമതക്കാരാണ്. ബുദ്ധമതക്കാരുടെ എണ്ണം 0.8 ശതമാനമായി കുറഞ്ഞു.
ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങളിലും 33 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. ലോകത്തിലെ മുസ്ലീങ്ങളിൽ പത്തിൽ നാലുപേരും സബ്-സഹാറൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലയിലുമാണ് താമസിക്കുന്നത്. താരതമ്യേന ചെറുപ്പക്കാരായ ജനസംഖ്യയുള്ള സ്ഥലങ്ങളാണിതെന്നും പറയുന്നു. ജൂതന്മാരിലും ബുദ്ധമതക്കാരിലുമാണ് ഏറ്റവും കൂടുതൽ പ്രായമായവർ. ഹിന്ദുക്കളുടെ ജനസംഖ്യ 15 നും 49 നും ഇടയിൽ പ്രായമുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |