ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ 294 ആയി ഉയർന്നിരിക്കുകയാണ്. വിമാന ദുരന്തത്തിന്റെ ആഴം വെളിവാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിമാനാപകടം നടന്ന ഇന്നലെ പുറത്തിറങ്ങിയ ഒരു പത്രമാണ് ചർച്ചകളിൽ ഇടംനേടുന്നത്.
ഗുജറാത്തിലടക്കം പ്രശസ്‌തമായ മിഡ്-ഡേ എന്ന പത്രത്തിന്റെ ഒന്നാം പേജിൽ വന്ന പരസ്യമാണ് ശ്രദ്ധനേടുന്നത്. ഗുജറാത്ത് വിമാനാപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പത്രം പുറത്തിറങ്ങിയത്. ഗുജറാത്തി ഭാഷയിലടക്കം പത്രം ലഭ്യമാണ്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് കിഡ്‌സാനിയ സംഘടിപ്പിക്കുന്ന പരിപാടിയുടെ പരസ്യമായിരുന്നു അത്. നാല് മുതൽ 16 വയസ് വരെയുള്ളവർക്കായി അകത്തളത്തിൽ ഒരുക്കിയിട്ടുള്ള ഒരു ചെറിയ നിർമിത നഗരമാണ് കിഡ്‌സാനിയ. ഇവിടെയെത്തുന്ന കുട്ടികൾക്ക് പൈലറ്റ്, ഡോക്‌ടർ തുടങ്ങി വിവിധ മേഖലയിലുള്ളവരായി രൂപം മാറി കളികളിൽ ഏർപ്പെടാം.
പത്രത്തിലെ കാർട്ടൂൺ പരസ്യത്തിൽ ഒരു എയർ ഇന്ത്യ വിമാനം ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതായി കാണാം. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻഭാഗം ബി.ജെ ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ പതിച്ചതിനുശേഷം പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതിന് സമാനമാണിത്. എന്നാലിത് ദുരൂഹമായ പ്രവചനം അല്ലെന്നും സാദൃച്ഛികമായി സംഭവിച്ചത് മാത്രമാണെന്നുമാണ് പരസ്യക്കമ്പനിയുടെ പ്രതികരണം. എയർ ഇന്ത്യയും കിഡ്‌സാനിയയും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച കരാറിൽ നിന്നാണ് ചിത്രം രൂപീകരിക്കപ്പെട്ടതെന്നും കമ്പനി വിശദീകരിച്ചു.
"മിഡ്-ഡേയിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ വിമാന ചിത്രം ലോകമെമ്പാടുമുള്ള കിഡ്‌സാനിയകളിലുടനീളം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വാസ്തുവിദ്യാ ഘടകമാണ്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ എയർലൈനുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭമായ ഞങ്ങളുടെ ഏവിയേഷൻ അക്കാദമിയെ ചിത്രം പ്രതിനിധീകരിക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത വേനൽക്കാല ക്യാമ്പെയ്‌നിന്റെ ഭാഗമായി, നിർഭാഗ്യകരമായ സംഭവത്തിന് വളരെ മുമ്പുതന്നെ പരസ്യം സമർപ്പിച്ചിരുന്നു. ദൃശ്യത്തിന്റെ കൂടുതൽ പ്രചാരണം താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു"-കിഡ്‌സാനിയയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |