ലണ്ടൻ: നടി കരിഷ്‌മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ ഹൃദയാഘാതത്തെ തുടർന്ന് ഇംഗ്ലണ്ടിൽ മരണപ്പെട്ടു. 53 വയസായിരുന്നു. പോളോ കളിക്കുന്നതിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. കരിഷ്‌മ കപൂറുമായുള്ള വിവാഹമോചനത്തിന് ശേഷം മോഡലായ പ്രിയ സച്ച്‌ദേവിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്.
നടനും എഴുത്തുകാരനുമായ സുഹേൽ സേത്ത് ആണ് സഞ്ജയ് കപൂറിന്റെ മരണവാർത്ത പുറത്തുവിട്ടത്. വിവരം അറിഞ്ഞയുടൻ കരിഷ്‌മ കപൂറിനെ ആശ്വസിപ്പിക്കാനായി കരീന കപൂറും സെയ്ഫ് അലി ഖാനും അവരുടെ വസതിയിലേക്ക് എത്തിയെന്നാണ് വിവരം. മലൈക അറോറയും അമൃത അറോറയും കുടുംബവും അനുശോചനം അറിയിക്കാൻ കരിഷ്‌മയുടെ വസതിയിലെത്തി.
ഇന്നലെയാണ് സഞ്ജയ് കപൂർ അവസാനമായി എക്‌സിൽ പോസ്റ്റിട്ടത്. അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചായിരുന്നു അത്. 2003ലായിരുന്നു കരിഷ്‌മയും സഞ്ജയും തമ്മിലുള്ള വിവാഹം. 2014ലാണ് ഇവർ വേർപിരിഞ്ഞത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മകൾ സമൈറയും മകൻ കിയാനും. സോണ കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു സഞ്ജയ് കപൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |