അഹമ്മദാബാദ്: 294 പേരുടെ ജീവനെടുത്ത വൻ വിമാനദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മുക്തി നേടിയിട്ടില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ് എവിടെയും. ഇതിനിടെ വിമാനാപകടത്തിൽ മരണപ്പെട്ട തന്റെ പിതാവിനെ തിരികെതന്നാൽ ടാറ്റ ഗ്രൂപ്പിന് രണ്ട് കോടി രൂപ തരാമെന്ന് ഒരു യുവതി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധന നടക്കുകയാണ്. ഇതിനായി രക്തം നൽകാൻ കാത്തുനിൽക്കുകയായിരുന്ന ഫാൽഗുനി എന്ന യുവതി പറഞ്ഞ വാക്കുകളാണ് നോവാകുന്നത്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ ആണ് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണത്. ദുരന്തത്തിൽ മരണപ്പെട്ട ഓരോരുത്തർക്കും ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 'നഷ്ടപരിഹാരത്തിന് എന്റെ അച്ഛനെ തിരികെകൊണ്ടുവരാൻ സാധിക്കുമോ? എന്റെ അമ്മ രോഗിയാണ്, അമ്മയ്ക്ക് അച്ഛനെ ആവശ്യമുണ്ട്. എനിക്കദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും ആവശ്യമുണ്ട്. അവർക്കെന്റെ അച്ഛനെ തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഞാൻ രണ്ട് കോടി രൂപ അങ്ങോട്ട് നൽകാം. അദ്ദേഹം എയർ ഇന്ത്യയിൽ യാത്ര ചെയ്യാനായിരുന്നു എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്'- എന്നാണ് ഫാൽഗുനിയുടെ വാക്കുകൾ.
219 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചതെന്ന് അധികൃതർ അറിയിച്ചു. ആറ് യാത്രക്കാരുടേതുൾപ്പെടെ തിരിച്ചറിഞ്ഞ 26 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്യുന്ന നടപടി പൂർത്തിയാക്കാൻ 72 മണിക്കൂറോളമെടുക്കും. അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |