നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ സിപിഎം ഇടപെടില്ലെന്ന് എംവി ഗോവിന്ദൻ. ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഷാഫിയുടെയും രാഹുലിന്റെയും നടപടി താന്തോന്നിത്തമാണെമന്ന് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാഹനപരിശോധന തങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് നേതാക്കൾ ആരോപിച്ചപ്പോൾ, ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് നടപടിക്രമമാണെന്ന് സിപിഎം നേതാക്കൾ വാദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും വാഹന പരിശോധനയിൽ എൽഡിഎഫ് ഇടപെടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. "ഞങ്ങൾ രാജാക്കന്മാരല്ല, എൽഡിഎഫ് അംഗങ്ങളുടെ വാഹനങ്ങളും പരിശോധിച്ചിട്ടുണ്ട്. അവരെയും പരിശോധിക്കട്ടെ. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായാണ് പരിശോധന നടന്നത് അതിന്റെ ഭാഗമായി നിരവധി പരിശോധന മുമ്പും നടന്നിട്ടുണ്ട് അതിൽ എന്താണ് അത്ഭുതം." ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചതിന് യുഡിഎഫിനെ അദ്ദേഹം വിമർശിച്ചു.
പൊലീസിന്റെ ലക്ഷ്യം തങ്ങളെ അപമാനിക്കുകയാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ആരോപിച്ചു. തങ്ങൾ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച് എംഎൽഎയും എംപിയുമായതല്ലെന്ന് ഷാഫി പറമ്പിൽ പൊലീസിനോട് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. പരിശോധനയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നും യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു. എന്നാൽ സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എംപിമാരായ അബ്ദുൾ വഹാബ്, കെ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് എം ലിജു എന്നിവരുടേതുൾപ്പടെ വാഹനങ്ങളും പരിശോധിച്ചുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |