കാന്താര സെറ്റിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ടു. കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് സംഭവം. റിസർവോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങൾ നഷ്ടമായി. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാൽ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.
'തെക്കൻ കന്നഡയിലെ ഭൂതക്കോലത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുക അപകടസാധ്യത നിറഞ്ഞതാണ്. അത്തരം സിനിമകൾ കൊമേഴ്ഷ്യലൈസ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല'. നാടക കലാകാരനായ രാമദാസ് പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു, എന്നാൽ, സിനിമ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റിഷഭ് ഷെട്ടി എല്ലാ ആചാര അനുഷ്ഠാനങ്ങളും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ദൈവം നമ്മളെ ഏതോക്കെയോ രീതിയിൽ അനുഗ്രഹിച്ചതു കൊണ്ടാണ് ആർക്കും ഒന്നും സംഭവിക്കാത്തത്' അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ഈ വർഷം കാന്താര സെറ്റിൽ നടക്കുന്ന നാലാമത്തെ അപകടമാണിത്. സിനിമയുമായി ബന്ധപ്പെട്ട് മൂന്ന് കലാകാരന്മാരാണ് വ്യത്യസ്ത അപകടങ്ങളിൽ മരണപ്പെട്ടത്. തീർത്ഥഹള്ളി പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |