അഹമ്മദാബാദ്: ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. അപകടത്തിൽ 229 യാത്രക്കാരും 12 ജീവനക്കാരും ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്നവരും അടക്കം 274 പേർ മരിച്ചെന്നാണ് വിവരം. ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനാപകടത്തിൽ യാത്രക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിൾ നൽകി ബന്ധുക്കൾ കാത്തിരിക്കുമ്പോൾ പ്രദേശവാസികളിൽ പലരെയും അപകടത്തിന് പിന്നാലെ കാണാനില്ലെന്നാണ് വിവരം.
ബി ജെ മെഡിക്കൽ കോളേജിന് സമീപം ദുരന്തസമയത്ത് ഉണ്ടായിരുന്ന ചിലർ ഇതുവരെ വീടുകളിൽ മടങ്ങിയെത്തിയിട്ടില്ല. വ്യാഴാഴ്ച മുതൽ ഒരു സിനിമാ നിർമ്മാതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇവർ ഡിഎൻഎ സാമ്പിൾ സമർപ്പിച്ചു. അപകടം നടക്കുന്ന സമയം നിർമ്മാതാവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. അപകടം ഉണ്ടായതിന് 700 മീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അപകടത്തിൽ അദ്ദേഹം മരിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഇവർ. മഹേഷ് കലാവാഡിയ എന്നറിയപ്പെടുന്ന മഹേഷ് ജിരാവാലയെയാണ് കാണാതായത്. നരോദയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഒരു സംഗീത ആൽബത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അപകടം നടന്ന പ്രദേശത്ത് ഒരാളെ കാണാൻ മഹേഷ് അന്ന് പോയതായി ഭാര്യ ഹേതൽ പറഞ്ഞു.
'ഉച്ചയ്ക്ക് 1.14ന് അദ്ദേഹം എന്നെ വിളിച്ച് മിറ്റിംഗ് അവസാനിച്ചുവെന്നും വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. പക്ഷേ പിന്നെ തിരിച്ച് വിളിച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അദ്ദേഹത്തിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ അപകടം നടന്നതിന് 700 മീറ്റർ അകലെയാണ് കാണിക്കുന്നത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് ഫോൺ സ്വിച്ച് ഓഫ് ആയത്. അദ്ദേഹത്തിന്റെ സ്കൂട്ടറോ ഫോണോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡിഎൻഎ സാമ്പിൾ കൊടുത്തിട്ടുണ്ട്'- ഹെതൽ പറഞ്ഞു.
അതേസമയം, ദുരന്തത്തിൽ മരിച്ചവരെ എത്രയും വേഗം തിരിച്ചറിഞ്ഞ് മൃതദേഹം ഭാഗങ്ങൾ ബന്ധുക്കളെ ഏൽപ്പിക്കാനുള്ള തീവ്രശ്രമം നടന്നുവരുന്നതിനിടെ ഡിഎൻഎ പരിശോധന സങ്കീർണമാകുകയാണ്. ഒരാളുടെ ശരീരഭാഗങ്ങൾ അടക്കം ചെയ്തിരുന്ന ബാഗിൽ രണ്ട് ശിരസുകൾ കണ്ടെത്തിയത് വെല്ലുവിളിയായി. രണ്ട് ശരീര ഭാഗങ്ങളും ആരുടേതെന്ന് തിരിച്ചറിയാനായി ഡിഎൻഎ പരിശോധന വീണ്ടും നടത്തേണ്ടിവരും. ഏകദേശം 72 മണിക്കൂറെങ്കിലും ഇതിനുവേണ്ടിവന്നേക്കും. ദുരന്തത്തിന് ഇരയായ രണ്ടുപേരുടെ മൃതദേഹ ഭാഗങ്ങൾ ഒരേ ബാഗിലായിരിക്കാൻ പാടില്ലാത്തതിനാൽ ഡിഎൻഎ സാമ്പിളിംഗ് പ്രക്രിയ ആവർത്തിക്കേണ്ടി വരുമെന്ന് സിവിൽ ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സിവിൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിക്ക് പുറത്താണ് ഡി.എൻ.എ പരിശോധനയ്ക്കായി ബോഡി ബാഗുകൾ സൂക്ഷിച്ചിട്ടുള്ളത്. കത്തിക്കരിഞ്ഞുപോയതിനാൽ ദുരന്തത്തിൽപ്പെട്ടവരുടെ എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാനാകുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ അന്ത്യകർമ്മങ്ങൾക്കായി ശരീരം തരണമെന്ന് വിലപിച്ചുകൊണ്ട് ആശുപത്രിക്കു മുമ്പിൽ കാത്തുകിടക്കുകയാണ് മരിച്ചവരുടെ ബന്ധുക്കൾ. വേദനിപ്പിക്കുന്ന രംഗമാണെങ്കിലും ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |