ഹൈദരാബാദ്: ജർമനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുപറന്നതായി റിപ്പോർട്ടുകൾ. ജർമ്മനിയിൽ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14ന് പുറപ്പെട്ട ലുഫ്താൻസ വിമാനം തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു.
എന്നാൽ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം തിരിച്ചുപറന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറിന് ശേഷം ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതോടെ തിരിച്ചുപറന്നെന്നുമാണ് വിവരം. എന്നാൽ ഇന്ത്യയിൽ 'ഇറങ്ങാൻ' അനുമതി നൽകിയില്ലെന്നും അതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്നുമാണ് ലുഫ്താൻസയുടെ അധികൃതർ പറയുന്നത്.
'ഞങ്ങൾ ഫ്രാങ്ക്ഫർട്ടിൽ തിരിച്ചെത്തി. ഹൈദരാബാദിൽ വിമാനം ഇറങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് മാത്രമേ ഞങ്ങളോട് അധികൃതർ പറഞ്ഞിട്ടുള്ളൂ.'- ഹൈദരാബാദിലുള്ള അമ്മയെ സന്ദർശിക്കാൻ പോകുന്ന സ്ത്രീ പ്രതികരിച്ചു.
'സുഗമമായ ഒരു വിമാനയാത്രയായിരുന്നു അത്. ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്തു. പെട്ടെന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങുകയാണെന്ന് അധികൃതർ ഞങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിൽ അവർ ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിത്തന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് അതേ വിമാനത്തിൽ തന്നെ പുറപ്പെടാമെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഇത്രമാത്രമേ ഞങ്ങൾക്കറിയൂ. കൂടുതൽ വിവരങ്ങൾക്ക് ദയവായി പൊലീസുമായോ എയർലൈനുമായോ ബന്ധപ്പെടുക.'- യാത്രക്കാരി വിശദീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് ഹൈദരാബാദ് വിമാനത്താവള അധികൃതർ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |