ശിവഗിരി: ഗുരുദേവ സന്ദേശത്തെക്കാൾ വലിയൊരു മാനവികസന്ദേശം ലോകത്തിന് ലഭിക്കാനിടയില്ലെന്ന് കേന്ദ്രമന്ത്റി വി. മുരളീധരൻ പറഞ്ഞു. 165-ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയിലൂന്നിയ മാനവിക സന്ദേശമാണ് ഗുരുദേവൻ ലോകത്തിന് നൽകിയത്. എക്കാലവും പ്രസക്തമായ മഹാസന്ദേശമാണ് 1888ൽ അരുവിപ്പുറത്ത് ആലേഖനം ചെയ്തുവച്ചത്. രണ്ടാം മോദി സർക്കാരിന്റെ പ്രഥമ പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി ഗുരുദേവന്റെ വാക്കുകൾ ഉദ്ധരിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
ഏത് സാഹചര്യത്തിനും ഉതകുന്ന ഗുരുസന്ദേശം ദേശങ്ങൾക്കുമതീതമാണ്. അത് ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിച്ചുകൊണ്ടാണ് മഹാസന്ദേശങ്ങൾ ഗുരുദേവൻ നൽകിയത്. മറ്റുള്ളവരുടെ ദുഃഖത്തെ സ്വന്തമായി കണ്ടു പ്രവർത്തിക്കാനാണ് ഗുരു ഉപദേശിച്ചത്. ശ്രീശങ്കരൻ ഉൾപ്പെടെ ഒട്ടേറെ മഹാത്മാക്കൾ മുമ്പ് ഈ വഴി കാണിച്ചു തന്നിട്ടുണ്ട്. എന്നാൽ അവരുടെ സന്ദേശങ്ങൾ ശ്രീനാരായണ ഗുരുദേവന്റേതു പോലെ ഇത്രയും ഗാഢമായി ജനഹൃദയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ല. കാലഘട്ടത്തിന്റെ പ്രത്യേകതകളും സാഹചര്യങ്ങളും മനസിലാക്കി അതിനനുയോജ്യമായ രീതിശാസ്ത്രമാണ് സന്ദേശങ്ങളിലൂടെ ഗുരുദേവൻ നൽകിയത്. ആദ്ധ്യാത്മികതയിലുറച്ചു നിന്ന് മാനവികദർശനം ആവിഷ്കരിക്കാമെന്ന് ഗുരുദേവൻ കാണിച്ചുതന്നു. നവോത്ഥാനത്തെ കൃത്രിമമായി സൃഷ്ടിക്കാനാവില്ലെന്ന് കേന്ദ്രമന്ത്റി തുടർന്നു പറഞ്ഞു.
നവോത്ഥാനത്തിന് തടസമായ മതിലുകളെ പൊളിച്ചു ഗുരുദേവൻ നീക്കുകയായിരുന്നു. എന്നാലിപ്പോൾ പുതിയ മതിലുകൾ പുതിയരൂപത്തിൽ പണിയുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അടൂർപ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.ജി. ബാബുരാജൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ആദിത്യഗ്രൂപ്പ് എം.ഡി ദേശപാലൻ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ജയന്തിആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു. ശിവഗിരി ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവേശനകവാടത്തിന്റെയും ആഡിറ്രോറിയത്തിന്റെയും സമർപ്പണവും കേന്ദ്രമന്ത്റി നിർവഹിച്ചു.