ദുബായ്: ഗൾഫ് കോർപ്പറേഷൻ കൗൺസിലിൽ ഉൾപ്പെട്ടെ എല്ലാ രാജ്യങ്ങളിലും പ്രവേശിക്കാൻ സാധിക്കുന്ന ഒറ്റ വിസ പദ്ധതി നടപ്പാകാൻ പോകുന്നു. ദീർഘകാലമായി കാത്തിരുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചു. ഇത് നടപ്പാക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഒരു വിസ മാത്രം മതി. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'സിംഗിൾ (ജിസിസി) ടൂറിസ്റ്റ് വിസ അംഗീകരിച്ചു, ഉടൻ തന്നെ അത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി, അത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും കൈകളിലാണ്, അവർ അത് പരിശോധിക്കണം'- മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു. ജിസിസി ഗ്രാൻഡ് ടൂർ വിസ എന്ന് പേരിട്ടിരിക്കുന്ന ഈ വിസ യൂറോപ്പിലെ ഷെങ്കൺ വിസയ്ക്ക് സമാനമായാണ് പ്രവർത്തിക്കുന്നത്. ജിസിസിയിൽ അംഗങ്ങളായ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പ്രവേശിക്കാം. ഇതിനായി പ്രത്യേക വിസകൾ എടുക്കേണ്ടതില്ല.
ഈ രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖല ഈ വിസയെ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നിലവിലുള്ള വിസ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിലൂടെ, വിനോദയാത്ര ത്വരിതപ്പെടുത്തുകയും, ഹോസ്പിറ്റാലിറ്റി നിക്ഷേപം ഉത്തേജിപ്പിക്കുകയും, ഗൾഫിന്റെ ആഗോള ആകർഷണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ആശയം കഴിഞ്ഞ വർഷം ഒക്ടോബറോടെയാണ് ഉടലെടുത്തത്.
ഏപ്രിലിൽ, യുഎഇ സാമ്പത്തിക മന്ത്രി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏകീകൃത വിസയുടെ പ്രാധാന്യം ഊന്നിപ്പറയുകയും മേഖലയിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര ആകർഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അതിന്റെ സാദ്ധ്യതയെക്കുറിച്ച് രാജ്യങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ 2030 ആകുമ്പോഴേക്കും മൊത്തം 128.7 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം മേഖലയിൽ ഭാവിയിൽ ഇതുകാരണമുണ്ടാകുന്ന വളർച്ച പ്രവാസികൾക്കും നേട്ടമുണ്ടാക്കും. ഒട്ടേറെ തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്ടിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |