അച്ഛൻ മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറായതുകൊണ്ടാണ് എനിക്ക് വളരെ എളുപ്പം സിനിമയിൽ അവസരം ലഭിച്ചതെന്ന് നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. പക്ഷേ, ഇവിടെ നിലനിൽക്കണമെങ്കിൽ ഞാൻ കഠിനാധ്വാനം ചെയ്യണം. എന്റെ കഴിവ് തെളിയിക്കണമെന്നാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മാധവ്. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മാധവ് സുരേഷും കഥാപാത്രമായി എത്തുന്നുണ്ട്.
അച്ഛൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം ഏതാണെന്നും അതിന്റെ കാരണവും മാധവ് വെളിപ്പെടുത്തി. 'ഭരത്ചന്ദ്രൻ എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, കമ്മിഷണർ എന്ന സിനിമയല്ല. ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്‌ചന്ദ്രനെയാണ് ഇഷ്ടം. വളരെ ഇമോഷണലും വ്യക്തിപരമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. അത് എനിക്കും എന്റെ കുടുംബത്തിനും മാത്രമറിയുന്ന വ്യക്തിപരമായ കാര്യമാണ്'- മാധവ് പറഞ്ഞു.
'എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത് പ്രേക്ഷകരാണ്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല. എന്നാൽ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്'- മാധവ് പറഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ. ഫയർ ബ്രാന്റായി വീണ്ടും നിറയുന്ന സുരേഷ് ഗോപിയും കരുത്തുറ്റവേഷത്തിൽ അനുപമ പരമേശ്വരനുമാണ് ചിത്രത്തിൽ എത്തുന്നത്. ഒരു കോർട്ട് റൂം ത്രില്ലറായ ജെഎസ്‌കെ അതിശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, രജിത് മേനോൻ, നിസ്താർസേട്ട്, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, കോട്ടയം രമേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ് മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്. ജൂൺ 20ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |