ജീവിതത്തിൽ സന്തോഷവും സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനായി വാസ്തുനോക്കുന്നവർ നിരവധിയാണ്. വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അത്തരത്തിൽ വീട്ടുമുറ്റത്തെ ചില മരങ്ങൾ ഐശ്വര്യവും സമ്പത്തും കൊണ്ടുവരാറുണ്ടെന്നാണ് വിശ്വാസം.
ചില മരങ്ങൾ നട്ടാൽ ആ വീട്ടിൽ ഒരിക്കലും സാമ്പത്തിക പ്രശ്നം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിൽ ഒന്നാണ് നെല്ലിമരം. നെല്ലിക്കയ്ക്ക് പുറമെ നെല്ലിമരത്തിലെ വേര്, ഇല, തൊലി എന്നില ഔഷധങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്. അതിനാൽ നെല്ലിമരം പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. വാസ്തുപ്രകാരം നെല്ലിമരം വീട്ടുവളപ്പിൽ നടുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുന്നുവെന്നാണ് വിശ്വാസം.
സാമ്പത്തിക അഭിവൃദ്ധിയ്ക്കായി കുബേര ദിശയായ വടക്ക് ഭാഗത്ത് വേണം നെല്ലിമരം നടാൻ. ഇതുണ്ടെങ്കിൽ സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പൂജാ മുറിയിലും നെല്ലിക്ക സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുവെന്നാണ് വിശ്വാസം. അതുപോലെ വെള്ളിയാഴ്ച, നവമി, അമാവാസി, പൗർണമി തുടങ്ങിയ ദിവസങ്ങളിൽ മരത്തിൽ നിന്ന് നെല്ലിക്ക പറിക്കാൻ പാടില്ലെന്ന കാര്യം മറക്കരുത്. ഇത് ദോഷമാണെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |