ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ആരുടെയും മദ്ധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. 35 മിനിട്ട് ഇരുവരും ഫോണിൽ സംസാരിച്ചു.
ഇന്ത്യ- പാകിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്നും പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഉണ്ടായ അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ചത് പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടാണെന്നും മോദി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് മോദിയും ട്രംപും ഫോണിൽ സംസാരിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇന്ത്യ - പാക് വിഷയത്തിൽ ഇപ്പോൾ മാത്രമല്ല എല്ലായ്പ്പോഴും മദ്ധ്യസ്ഥത ആവശ്യമില്ലെന്നും മോദി, ട്രംപിനെ അറിയിച്ചുവെന്നാണ് വിവരം. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ട്രംപിന്റെ ആവശ്യപ്രകാരമാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. ഇന്ത്യ- യുഎസ് വ്യാപാര കരാറിനേെക്കുറിച്ചോ ഇന്ത്യ - പാക് പ്രശ്നത്തെ ക്കുറിച്ചോ അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്നും മോദി വ്യക്തമാക്കി.
വെടിനിർത്തൽ കരാർ നടപ്പാക്കിയത് ഇന്ത്യയും പാകിസ്ഥാനും നേരിട്ട് നടത്തിയ ചർച്ചയിലാണ്. അതും പാകിസ്ഥാന്റെ അഭ്യർത്ഥപ്രകാരമാണെന്ന മോദി പറഞ്ഞു. ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് മദ്ധ്യസ്ഥത വഹിച്ചെന്ന വാദം വന്നിരുന്നു. ഇതിനെയാണ് മോദി ഇപ്പോൾ പൂർണമായി തള്ളിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |