താനെ: മരിച്ചെന്ന് ഡോക്‌ടർ വിധിയെഴുതിയ വൃദ്ധൻ സംസ്‌കാര ചടങ്ങുകൾക്കിടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. മുംബയിലെ താനെയിലാണ് സംഭവം. ഡോക്‌ടർ പ്രഭു അഹൂജയാണ് വൃദ്ധൻ മരിച്ചുവെന്ന് ബന്ധുക്കളോട് പറഞ്ഞത്. തെറ്റായ വിവരം രോഗിയുടെ ബന്ധുക്കളെ അറിയിച്ചതിന് ഉൽഹാസ് നഗർ മുനിസിപ്പൽ കോർപ്പറേഷൻ ഡോക്ടർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ്.
64കാരനായ അഭിമൻ ഗിർധർ തയാഡെയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉൽഹാസ് നഗറിലെ ശിവ്‌നേരി ആശുപത്രിയിൽ എത്തിച്ചത്. അർബുദ രോഗിയായ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. തിടുക്കത്തിലെത്തിയ ഡോക്‌ടർ രോഗിയെ എത്തിച്ച ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് തന്നെ പരിശോധന നടത്തി. തിടുക്കത്തിൽ നോക്കിയ ശേഷം അഭിമൻ മിനിട്ടുകൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കളോട് പറയുകയും ചെയ്‌തു. ഉടൻ തന്നെ മരണ സർട്ടിഫിക്കറ്റും നൽകി.
അഭിമന്റെ കുടുംബം ഉടൻ തന്നെ 'മൃതദേഹം' വീട്ടിലേക്ക് കൊണ്ടുപോയി അന്ത്യ കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എന്നാൽ, ഇതിനിടെ അഭിമൻ ശ്വാസം എടുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ഡോക്‌ടർ അഭിമൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചു. ഇപ്പോൾ അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി. അപടകനില തരണം ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായതോടെ ഉല്ലാസ്‌നഗർ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തെറ്റായ മരണപ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, അഭിമന്റെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല. പക്ഷേ, ശരിയായ പരിശോധന കൂടാതെ രോഗി മരിച്ചതായി സ്ഥിരീകരിച്ചത് വളരെ ഗുരുതരവും അപകടകരവുമായ പ്രവൃത്തിയാണെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
സമീപത്തുള്ള റോഡ് പണി നടക്കുന്നതിന്റെ ഉച്ചത്തിലുള്ള ശബ്‌ദം കാരണം രോഗിയുടെ നാഡിമിടിപ്പ് ശരിയായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നാണ് ഡോക്‌ടർ പ്രതികരിച്ചത്. അദ്ദേഹം ക്ഷമാപണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |