SignIn
Kerala Kaumudi Online
Monday, 14 October 2019 2.38 PM IST

സംയോജകരുടെ നിയമനം സർവത്ര ആശയക്കുഴപ്പം, കേന്ദ്രനേതൃത്വത്തെ തള്ളി മുല്ലപ്പള്ളി

mullappally

തിരുവനന്തപുരം: രാജ്യത്താകമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ജില്ലകൾ ചേരുന്ന ഡിവിഷൻ രൂപീകരിച്ച് മൂന്നുവീതം സംയോജകരെ നിയമിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ കേരളത്തിൽ ആശയക്കുഴപ്പം. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്ന് ചിലർ വാദിക്കുമ്പോൾ അത് വേണമെന്ന് മറ്റുചില നേതാക്കൾ വാദിക്കുന്നു. ഹെെക്കമാൻഡ് തീരുമാനമായതിനാൽ പേരിന് സംയോജകരെ നിയമിക്കാമെന്ന് മറ്റു ചില നേതാക്കളും അഭിപ്രായപ്പെടുന്നു.

കോൺഗ്രസ്, ആർ.എസ്.എസ് മോഡലിൽ പ്രചാരകരെ നിയമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ കേരളത്തിലെ പല നേതാക്കളും നീരസം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസിൽ കേഡർ സംവിധാനം ചെലവാകില്ലെന്നാണ് ചില നേതാക്കൾ പറഞ്ഞത്. കോൺഗ്രസിന് ആ‌ർ.എസ്.എസ് മോഡലിന്റെ ആവശ്യമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷനും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ അഭിപ്രായ ഭിന്നതകൾ നിലനിന്നതിനാലാണ് സംയോജക് എന്ന പേരിലേയ്ക്ക് നേതൃത്വം മാറി ചിന്തിച്ചത്. എന്നാൽ, കേരളത്തിൽ ഇത് നടപ്പാവുകയാണെങ്കിൽ തെക്കൻ കേരളം, മദ്ധ്യകേരളം, വടക്കൻ കേരളം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാവും സംയോജകരെ കെ.പി.സി.സി നി‌ദേശിക്കുക എന്നാണ് സൂചന. കേരളത്തിലെ പാർട്ടിയിൽ സംയോജകരെ വരുമോ? ഇതേക്കുറിച്ച് 'ഫ്ളാഷി'നോട് പ്രതികരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി ചാക്കോ, ശൂരനാട് രാജശേഖരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ..

കേരളത്തിൽ പ്രസക്തമല്ല

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സംയോജകരെ നിയമിക്കുന്നത് പ്രസക്തമായ കാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ ബൂത്തുതല പ്രവർത്തകരും സംയോജകരാണ്. എന്റെ നേതൃത്വത്തിലുളള കമ്മിറ്റി വന്നശേഷം 25000 ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിച്ചിരുന്നു. ഈ കമ്മിറ്റികളിൽ എല്ലാമായി 25000 വനിതകൾ വെെസ് പ്രസിഡന്റുമാരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള സംഘടനാ ശക്തി കേരളത്തിലെ കോൺഗ്രസിനുണ്ട്. ഇന്ത്യയിലെ കോൺഗ്രസിന് മുഴുവൻ മാതൃകയാണ് കേരളത്തിലെ പാർട്ടി. പിന്നെന്തിനാണ് കേരളത്തിൽ സംയോജകരുടെ ആവശ്യം? എങ്കിലും എ.ഐ.സി.സിയുടെ തീരുമാനം പാർട്ടി ഗൗരവത്തോടെ കാണുന്നു. പാർട്ടിയെ കൂടുതൽ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ കെ.പി.സി.സിയിൽ നിന്നുണ്ടാകും. എ.ഐ.സി.സി തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ കൂടുതൽ ആലോചന ആവശ്യമാണ്.


കേരളത്തിന് ഒഴിഞ്ഞുമാറാനാവില്ല

എ.കെ ആന്റണിയും കെ.സി വേണുഗോപാലും കൂടിയിരുന്ന് എടുത്ത തീരുമാനമാണിത്. അതിൽ നിന്ന് കേരളത്തിലെ കോൺഗ്രസിന് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയുമെന്ന് പ്രവ‌ർത്തകസമിതി സ്ഥിരം ക്ഷണിതാവ് പി.സി ചാക്കോ ചോദിച്ചു. പാർട്ടിയുടെ തീരുമാനം കേരളത്തിനും ബാധകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നമ്മൾ വിജയിച്ചുവെന്ന് കരുതി കേരളത്തിലുള്ളവർക്ക് കൊമ്പൊന്നുമില്ല. എനിക്ക് ചുമതലയുളള ഡൽഹിയിൽ രണ്ട് ദിവസത്തിനകം സംയോജകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കും. പി.സി.സികളിലേയും ഡി.സി.സികളിലേയും ഒരു ജനറൽ സെക്രട്ടറിക്ക് പരിശീലനം സംബന്ധിച്ച് ചാർജുണ്ടാകും. അവരുടെ കീഴിലായിരിക്കും സംയോജകർ പ്രവർത്തിക്കുക. എ.ഐ.സി.സി ‌ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റും പി.സി.സിയും ചേർന്നായിരിക്കും സംയോജകരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക. ദേശീയതലം മുതൽ ബ്ളോക്ക് തലം വരെയുളള പ്രവർത്തകർക്ക് പരിശീലനം നൽകും. ഇതിന്റെ പൂർണ ചുമതല സച്ചിൻ റാവുവിന്റെ നേതൃത്വത്തിലുളള ട്രെയിനിംഗ് വിഭാഗത്തിനാണ്. കേരളത്തിന്റെ ചുമതല പി.എം സുരേഷ് ബാബുവിനാണ്. കഴിഞ്ഞാഴ്ച ഇതുമായി ബന്ധപ്പെട്ട് വിശദമായ യോഗം നടന്നിരുന്നു. അതിനുശേഷമാണ് സോണിയാഗാന്ധി ഇങ്ങനെയൊരു തീരുമാനം നടപ്പാക്കുന്നത്.

കേരളത്തിനും ബാധകം

സംയോജകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ ഉണ്ടാകൂ എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ സജ്ജരാക്കാനുള്ള എ.ഐ.സി.സി തീരുമാനം കേരളത്തിനും ബാധകമാണ്. ഇത് ആർ.എസ്.എസ് മോഡലല്ല, കോൺഗ്രസ് മോഡലാണ്. സ്വാതന്ത്ര്യ സമരകാലത്തെ കോൺഗ്രസും സേവാദളും ഇത്തരത്തിലായിരുന്നു പ്രവർത്തിച്ചത്. അത് പിന്നീട് ആർ.എസ്.എസ് അടിച്ചുമാറ്റി അവരുടെ പ്രവർത്തനം അത്തരത്തിൽ ചിട്ടപ്പെടുത്തിയതാണ്. സംയോജകരുടെ നിയമനത്തിന് പുറമെ ഗൗരവമായി കാണേണ്ട ചില വിഷയങ്ങളുണ്ട്. ഞങ്ങളുടെയൊക്കെ തലമുറ പാർട്ടി ക്യാമ്പുകളിലൂടെയാണ് വളർന്നത്. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമെല്ലാം എല്ലാ വർഷവും ക്യാമ്പുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്കത് ലഭിക്കുന്നില്ല. ഇന്നത്തെ യൂത്ത് നേതാക്കന്മാരെല്ലാം മൊബെെൽ കാലത്തിലാണ്. സേവാദളിനെ പുനരുജ്ജീവിപ്പിക്കേണ്ടതാണ് ഏറ്റവും അത്യാവശ്യം. സംയോജകരുടെ പാക്കേജിൽ അതുമുണ്ടാകണം. ഒരു ബൂത്തിൽ അഞ്ച് സേവാദൾ പ്രവർത്തകരെ നിയമിക്കേണ്ടതുണ്ട്. അങ്ങനെ വന്നാൽ സർവ സന്നദ്ധരും അച്ചടക്കവുമുള്ള 75 പ്രവർത്തകരെ ഒരു മണ്ഡലത്തിൽ കോൺഗ്രസിന് ലഭിക്കും. അക്കാര്യം കെ.പി.സി.സി ഗൗരവമായി ആലോചിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.