മുംബയ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനെ പുറത്താക്കിയ നടപടിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കനത്ത തിരിച്ചടി. ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ബിസിസിഐയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ഒരു സീസൺ കളിച്ച ടസ്‌കേഴ്‌സിനെ കരാർ ലംഘനം ആരോപിച്ചായിരുന്നു 2011ൽ ബിസിസിഐ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സ് ടീമിന്റെ ആവശ്യം ബിസിസിഐ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.
ഐപിഎൽ പ്രവേശനത്തിന് ടസ്‌കേഴ്‌സ് ടീം നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ആറുമാസത്തിനുള്ളിൽ പുതിയ ഗ്യാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ 2011 സെപ്തംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് ടീം ഉടമ റോണ്ടെവൂസ് സ്‌പോർട്ട്‌സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്. പിന്നാലെ ബാങ്ക് ഗ്യാരന്റി അന്യായമായി ഈടാക്കിയെന്നുള്ള ടസ്‌കേഴ്‌സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്‌ജി ആർ പി ലഹോട്ടിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി, 2015 ജൂലായിൽ ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നൽകാൻ ബിസിസിയോട് നിർദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |