ഈ കാലഘട്ടത്തിൽ ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവരാണ് കൂടുതലും. ഇതിനായി ജിമ്മിൽ പോകുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്നു. ഇതിനിടെ ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയാകുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 40 ദിവസത്തിനുള്ളിൽ അഞ്ച് കിലോ ഭാരം കുറച്ചെന്നാണ് യുവതി അവകാശപ്പെടുന്നത്.
ചാറ്റ്ജിപിടി തയ്യാറാക്കിയ വ്യക്തിഗത വ്യായാമ പ്ലാനിന്റെയും പോഷകാഹാര പ്ലാനിന്റെയും സഹായത്തോടെയാണ് താൻ ശരീരഭാരം കുറച്ചതെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഞ്ജനി ഭോജ് എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറാണ് വീഡിയോ പങ്കുവച്ചത്. ഭക്ഷണ ക്രമത്തിന്റെയും വ്യായാമ സെഷനുകളുടെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് പങ്കുവച്ചത്.
'എനിക്ക് പിസിഒഎസ് ഉണ്ട്. ഗ്യാസ് മൂലം വയർ വീർക്കുക, ആഹാരത്തിനോടുള്ള ആസക്തി, ഊർജ്ജക്കുറവ്, കൊഴുപ്പ് എന്നിവയെല്ലാം ഉണ്ട്. എന്നാൽ ഇത്തവണ ചാറ്റ്ജിപിടിയുടെ പദ്ധതി ശരിക്കും എനിക്ക് ഫലം കാണിച്ച് തന്നു'- യുവതി കുറിച്ചു. തന്റെ ശരീരത്തിന് ആവശ്യമായ ഫിറ്റനസ് നേടിയെടുക്കാൻ ചാറ്റ്ബോട്ട് എങ്ങനെ സഹായിച്ചുവെന്നും അവർ വിശദീകരിക്കുന്നു.
'ചാറ്റ്ജിപിടി തന്ന ഒരു വ്യായാമം പോലും ഞാൻ മുടക്കില്ല, ഭക്ഷണക്രമവും കൃത്യമായി പാലിച്ചു. കഴിക്കുന്ന ഭക്ഷണത്തിന്റെ പ്ലാനും ചാറ്റ് ജിപിടി തന്നതാണ്. പാൽ ഉത്പന്നങ്ങളും ഗ്ലൂട്ടനും ഒഴിവാക്കി മുട്ട, ചിക്കൻ, ബേസിൽ സീഡ്സ്, സാലഡുകൾ, വേ പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തി. അഞ്ച് കിലോ കുറഞ്ഞെന്ന് മാത്രമല്ല അതിനേക്കാൾ വലിയ ചില കാര്യങ്ങൾ ഞാൻ നേടി. എന്റെ ജീവിതത്തിൽ അച്ചടക്കം വന്നു. ആത്മവിശ്വാസം കൂടി'- അഞ്ജനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |