തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിരിക്കുകയാണ്, മദ്ധ്യവേനല്‍ അവധിക്കാലത്തിന് ശേഷം കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയിട്ട് ഇത് രണ്ടാമത്തെ ആഴ്ച. പുത്തന്‍ യൂണിഫോമിന്റേയും പുതിയ ബാഗ്, കുട, ചെരുപ്പ് എന്നിവയുടേയുമെല്ലാം പുതുമ മാറിത്തുടങ്ങിയിരിക്കുന്നു. കുട്ടികള്‍ തങ്ങളുടെ പഠനകാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയത്തിന്റെ കൂടി തുടക്കമാണ് ആദ്യത്തെ രണ്ടാഴ്ച പിന്നിട്ട ശേഷമുള്ള സമയം. ഈ സമയം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ നിര്‍ണായകമാണ്.
രക്ഷിതാക്കളെ സംബന്ധിച്ച് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം കുട്ടികള്‍ അവധിക്കാലത്ത് ചെയ്തിരുന്ന ഒരു കാര്യത്തില്‍ നിന്നും സ്‌കൂള്‍ തുറന്നുവെന്നതിന്റെ പേരില്‍ നിര്‍ത്തലാക്കാതിരിക്കുകയെന്നതാണ്. ഇത് കുട്ടികളില്‍ സ്‌കൂളിനോടുള്ള അടുപ്പം കുറയുന്ന ചിന്താഗതിയുണ്ടാകാന്‍ കാരണമാകുന്നു. അവധിക്കാലത്ത് ചെയ്തിരുന്ന അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ അനുവദിക്കുന്നതിനൊപ്പം അതിനുള്ള സമയക്രമീകരണം ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളാണ്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കുട്ടികളെ സ്‌കൂളുകളിലേക്ക് പോകുന്നതിന് മാനസികമായി തയ്യാറെടുപ്പിക്കുകയെന്നതാണ് പ്രധാന കാര്യം. കുട്ടികളുടെ മനസ്സിലെ ഭയവും ആശങ്കയും തിരിച്ചറിയാന്‍ കഴിയുകയെന്നതാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.
2. കുട്ടികളെ ശാരീരിക ഉന്മേഷത്തിന് സഹായിക്കുന്ന തരത്തില്‍ അവരോടൊപ്പം സമയം ചിലവഴിക്കുക (രാവിലെയോ വൈകുന്നേരമോ അല്‍പ്പനേരം അവര്‍ക്കൊപ്പം നടക്കുക) ഇത് കുട്ടികളുടെ മനസ്സിലെ ആശങ്ക അകറ്റുന്നതിനും പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നതിനുമുള്ള സാഹചര്യമുണ്ടാക്കും.
3.കുട്ടികള്‍ കൃത്യായി ഉറങ്ങുന്നുവെന്ന് ഉറപ്പ് വരുത്തുക. പരമാവധി ഒരേ സമയത്ത് തന്നെ ഉറങ്ങുന്നതിനും ഉണരുന്നതിനും തയ്യാറെടുപ്പിക്കുക. ഉറക്കത്തിന് കുട്ടികളുടെ ശ്രദ്ധയും ബുദ്ധി വികാസവും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്.
4.സ്‌കൂളിലേക്കുള്ള സാധനങ്ങള്‍ പാക്ക് ചെയ്യുന്നതില്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുക. ചില കാര്യങ്ങള്‍ അവര്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
5.വെക്കേഷന്‍ സമയത്ത് കുട്ടികളിലെ മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടാകാം. എന്നാല്‍ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ അവരുടെ സ്‌ക്രീന്‍ ടൈം കൃത്യമായി നിയന്ത്രിക്കുക.
6. കുട്ടികള്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം. മുന്‍വിധിയോടുകൂടി അവരെ കേള്‍ക്കരുത്.
7.രക്ഷിതാക്കള്‍ക്കായി സ്‌കൂളില്‍ ഒരുക്കിയിട്ടുള്ള എല്ലാ പരിപാടികളിലും പരമാവധി പങ്കെടുക്കുക.
8. കുട്ടികള്‍ക്ക് ഒരു ദിനചര്യ കൃത്യമായി തയ്യാറാക്കുന്നതിന് അവരെ സഹായിക്കുക.
9. കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നോ സ്വന്തം ക്ലാസില്‍ നിന്നോ മറ്റ് കുട്ടികളില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കുക. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ നിസാരമായി കാണരുത്.
കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ധ്യാപകരുമായോ മാതാപിതാക്കളുമായോ തുറന്ന് സംസാരിക്കുക.
2. നിങ്ങള്‍ക്ക് ഭീഷണി അനുഭവപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
3. നിങ്ങള്‍ക്ക് സഹായം ആവശ്യമാണെന്ന് തോന്നിയാല്‍ നിങ്ങളുടെ സ്‌കൂള്‍ കൗണ്‍സിലറെ ബന്ധപ്പെടുക .
4. അക്കാദമിക് ഒഴികെയുള്ള സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കൂടി ഏര്‍പ്പെടുക, ഇത് നിങ്ങളുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു.
5. സമപ്രായക്കാരുടെ സമ്മര്‍ദ്ദം കൗമാരക്കാര്‍ക്ക് വളരെയധികം അനുഭവപ്പെടുന്ന ഒന്നാണ്. എന്നാല്‍ കുട്ടികള്‍ മനസ്സിലാക്കേണ്ട കാര്യം, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകുന്നത് നല്ലതാണ്.
രക്ഷിതാക്കളെ സംബന്ധിച്ച് കുട്ടികളോട് ചോദിക്കാന്‍ പാടില്ലാത്തതായി ഒന്നും തന്നെയില്ല. എന്നാല്‍ അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ ഒന്നും തന്നെ ചോദിക്കാന്‍ പാടില്ല. പ്രത്യേകിച്ച് സഹപാഠികളുടെ മാര്‍ക്ക്, അവരേക്കാള്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറയുക പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അത്തരം പ്രവര്‍ത്തികള്‍ കുട്ടികളില്‍ അനാവിശ്യമായ അസൂയ പോലുള്ള സ്വഭാവം ജനിക്കുന്നതിന് കാരണമാകുകയും ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു മത്സരബുദ്ധിയിലേക്ക് നയിക്കുകയും ചെയ്യും. കുട്ടികളെ താരതമ്യം ചെയ്യേണ്ടത് അവരുമായി തന്നെയാണ് മുന്‍കാല പ്രകടനങ്ങളും ഇപ്പോഴത്തെ പ്രകടനവും തമ്മില്‍ താരതമ്യം ചെയ്ത ശേഷം മെച്ചപ്പെടുത്തേണ്ട കാര്യങ്ങളേക്കുറിച്ച് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആദ്യമായി കുട്ടികളെ സ്‌കൂളില്‍ അയക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചും കുട്ടികളെ സംബന്ധിച്ചും പരസ്പരം പിരിഞ്ഞിരിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കുട്ടികളോട് സ്‌കൂളിനേക്കുറിച്ചും പുതിയ കൂട്ടുകാരെ കുറിച്ചും നല്ല കഥകള്‍ പറഞ്ഞ് കൊടുക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. നിങ്ങളുടെ മനസ്സില്‍ കുട്ടി ആദ്യമായി സ്‌കൂളില്‍ പോകുന്നതിലെ ആശങ്കയുണ്ടെങ്കിലും അത് ഒരിക്കലും കുട്ടിയുടെ മുന്നില്‍ പ്രകടിപ്പിക്കാതിരിക്കുക. കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. അതോടൊപ്പം തന്നെ അവര്‍ക്ക് എന്താണ് ബുദ്ധിമുട്ടുണ്ടാക്കിയതെന്നും ചോദിച്ച് മനസ്സിലാക്കുക.
അദ്ധ്യാപകരും രക്ഷിതാക്കളും തമ്മില്‍ ഉണ്ടാകേണ്ട ആരോഗ്യകരമായ ബന്ധത്തേക്കുറിച്ച്
മാതാപിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനവും സഹകരണവും നിറഞ്ഞതാണ്. ഒരു കുട്ടിയുടെ മോശം പെരുമാറ്റമോ മറ്റേതെങ്കിലും കാര്യമോ വരുമ്പോള്‍ അദ്ധ്യാപകര്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും മാതാപിതാക്കള്‍ അദ്ധ്യാപകരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സാധാരണയായി കാണാറുണ്ട്. എന്നാല്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ഇരു കക്ഷികള്‍ക്കും പങ്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കുട്ടിയെ വളര്‍ത്താന്‍ ഒരു ഗ്രാമം തന്നെ വേണമെന്ന് പഴഞ്ചൊല്ല് പറയുന്നതുപോലെ.
(കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന്‍ ഇല്ലാതാക്കുന്നതിന് കേരള പൊലീസ് സ്ഥാപിച്ച ഡി-ഡാഡ് സെന്ററിലെ സൈക്കോളജിസ്റ്റ് ജെന്നിഫര്‍ വിനോജുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |