തിരുവനന്തപുരം : ആർ.എസ്.എസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്ത് സ്വന്തം നിലയ്ക്കാണ് സി.പി.എം പോരാടിയത്. തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എം.വി. ഗോവിന്ദൻ തന്നെ വിശദീകരിച്ചതാണ്. ആർ,എസ്.എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ല. ഞങ്ങളിലാരും ആർഎസ് എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ആർ എസ് എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്കു മുന്നിൽ ചിലർ താണുവണങ്ങിയല്ലോ. തലയുയർത്തിനിന്നുകൊണ്ട് നേരിട്ട് കോൺഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുനിന്ന് ഞങ്ങൾക്ക് നേരെ വന്ന കോൺഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആർ.എസ്.എസുമായി ഞങ്ങൾക്ക് യോജിപ്പിന്റെ ഒരു മേഖലയും ഇല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആർ.എസ്.എസിനെതിരെ മുന്നിൽ നിന്ന് പോരാടുന്നവരാണ് ഞങ്ങൾ. കേരളത്തിൽ മാത്രം സി.പി.എമ്മിന്റെ 215 ലേറെ പ്രവർത്തകരെയും അനുഭാവികളെയും കൊന്നൊടുക്കിയ വർഗീയ കൂട്ടമാണ് ആർ.എസ്.എസ്. ഞങ്ങളെ കൊലപ്പെടുത്താൻ ആയുധം ഒരുക്കി കാത്തിരിക്കുന്ന വർഗീയക്കൂട്ടത്തോട് ഒരുതരത്തിലുള്ള സന്ധിയും ചെയ്യാൻ ഞങ്ങൾ തയ്യാറല്ല. കോൺഗ്രസിനെയോ യു.ഡി.എഫ് കക്ഷികളെയോ അല്ല; കമ്മ്യൂണിസ്റ്റുകാരെയാണ് അവർ ആഭ്യന്തര ശത്രുക്കളായി കാണുന്നത്.
1925 ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാൻ കമ്മ്യൂണിസ്റ്റുകാർ പോയിട്ടില്ല. ഇന്നലെയും യോജിപ്പില്ല; ഇന്നും യോജിപ്പില്ല; നാളെയും യോജിപ്പ് ഉണ്ടാവില്ല. ആർഎസ്എസ് എന്നല്ല; ഒരു വർഗീയ ശക്തിയോടും ഞങ്ങൾ ഐക്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |