ന്യൂഡൽഹി : 270 പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് വിമാനാപകടത്തിൽ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എൻജിൻ പരിശോധനകൾ കൃത്യമായി നടന്നിട്ടുണ്ട്, വലതു വശത്ത എൻജിന്റെ അറ്റകുറ്റപ്പണി മാർച്ചിലാണ് നടന്നത്. ഇടതുവശത്തെ എൻജിൻ എപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലായിരുന്നുവെന്നും ക്യാംപ് ബെൽ എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അതേസമയം വിമാനാപകടത്തിൽ അന്വേഷണ സംഘവും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല. മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. എയർ ഇന്ത്യ ഡ്രീം ലൈനർ ടേക്ക് ഓഫിന് മുൻപ് പരിശോധിച്ച് ക്ലിയറൻസ് നൽകിയത് ഇവരാണ്. വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കൽ, ഇന്ധനം നിറയ്ക്കൽ, ഹാൻഡ് സിഗ്നൽ നൽകൽ, വീൽചെയർ അസിസ്റ്റൻസ്, ഗേറ്റ് മാനേജ്മെന്റ്, കാർഗോ ലോഡിംഗ് എന്നിവയൊക്കെ ഇവരുടെ ജോലിയാണ്.
ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ലെന്ന് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതല. ഗുജറാത്ത് പൊലീസ്, എയർപോർട്ട്സ് അതോറിട്ടി, ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ എന്നിവർ സഹായിക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കാഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്.
യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യു.കെയിലെ ഏവിയേഷൻ വിദഗ്ദ്ധരും അഹമ്മദാബാദിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |