ന്യൂഡൽഹി: ഗഗൻയാൻ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടവരിലൊരാളായ ശുഭാംശു ശുക്ളയുടെ ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ജൂൺ 22ന് ഉച്ചയ്ക്ക് 1.12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ അതും മാറ്റിയിരിക്കുകയാണ്. ആക്സിയം ദൗത്യം ജൂൺ 25ന് നടത്തിയേക്കുമെന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
ഇത് ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിലെ റഷ്യൻ സർവ്വീസ് മൊഡ്യൂളായ സ്വേസ്ദ എന്ന വെസ്റ്റിബ്യൂളിൽ നിന്നുണ്ടായ വായു ചോർച്ച പരിഹരിക്കുന്ന ജോലികൾ പൂർത്തിയാകാതെ വന്ന സാഹചര്യത്തിലാണ് യാത്ര നേരത്തെ മാറ്റിയത്. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. രണ്ടാഴ്ചയാണ് ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുക.
പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സനാണു യാത്രയുടെ കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ രണ്ട് യാത്രികരും ഒപ്പമുണ്ട്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ ബഹിരാകാശ നിലയത്തിൽ വിലയിരുത്താനുള്ള ലിസ്റ്റ് ശുഭാംശുവിന്റെ പക്കലുണ്ട്. ബഹിരാകാശത്ത് നടത്താനുള്ള പരീക്ഷണങ്ങളുടെ സാമഗ്രികളും ഒക്കെയായാണ് പ്രയാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |