ആലപ്പുഴ ജിംഘാന, പടക്കളം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് സോഷ്യൽ മീഡിയയുടെ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സന്ദീപ് പ്രദീപ്. 'പതിനെട്ടാംപടി' എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും മനു സ്വരാജ് സംവിധാനം ചെയ്ത 'പടക്കളം' എന്ന ചിത്രമാണ് സന്ദീപിനെ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന വിലയിരുത്തലും സന്ദീപിന് ചിലർ ചാർത്തിക്കൊടുത്തിട്ടുണ്ട്. ഇതിനിടെ നടൻ നസ്ലനുമായി താരതമ്യം ചെയ്തുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയായി. ഇപ്പോഴിതാ നസ്ലനുമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സന്ദീപ്. താനും നസ്ലനുമായി മികച്ച സൗഹൃദമാണെന്ന് സന്ദീപ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സന്ദീപിന്റെ വാക്കുകളിലേക്ക്...
'സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഞാൻ ചില പോസ്റ്റുകൾ കണ്ടു. ഒരുപാട് കാണാൻ പോയാൽ നമ്മളെ അത് മാനസികമായി ബാധിക്കും. ഞങ്ങളുടെ ഇടയിൽ ഇത് സംസാരിക്കാറുണ്ട്. ട്രോൾ ഇടാറുണ്ട്. ഞങ്ങളുടെ ബോക്സിംഗ് ഗ്രൂപ്പുണ്ട്. ഈ ട്രോളൊക്കെ ആരെങ്കിലും എടുത്തിടും. മലയാള സിനിമയിൽ പുതിയ നായകൻ എന്ന് പറയുമ്പോൾ നസ്ലൻ തേങ്ങയുടക്കുന്ന പോസ്‌റ്റൊക്കെ, ഞങ്ങളുടെ രീതി അങ്ങനെയാണ്. ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല.
നസ്ലൻ പോപ്പുലർ സ്റ്റാറാണ്. അവൻ വർഷങ്ങളായിട്ട് ഇവിടെ നിൽക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വന്നേയുള്ളൂ. അങ്ങനെ അവൻ പോപ്പുലറായി നിൽക്കുമ്പോൾ, പുതിയൊരാൾ വരുമ്പോൾ സ്വാഭാവികമായി ഒരു താരതമ്യപ്പെടുത്തൽ ഏതൊരു മേഖലയിലും വരും. ഒരു പ്രോഡക്റ്റ് ഉണ്ടായാൽ, വേറൊരു പ്രോഡക്റ്റ് മാർക്കറ്റിൽ ലോഞ്ച് ചെയ്യുമ്പോഴുണ്ടാകുന്ന താരതമ്യപ്പെടുത്തൽ. അതൊരു ഇനിഷ്യൽ സ്റ്റേജിൽ വരുന്ന കാര്യമായിട്ട് മാത്രമേ എടുക്കേണ്ടതുള്ളൂ. ഒരു സിനിമ ഇറങ്ങുമ്പോൾ വളരെ മോശമായി സംസാരിക്കുന്ന ആൾക്കാരുണ്ട്. വിമർശനാത്മകമായി സംസാരിക്കുന്ന ആളുകളുണ്ട്. ഈ മൂന്ന് വേർതിരിവ് എല്ലാ മേഖലയിലും എല്ലാ രീതിയിലും വരുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരു നായകസ്ഥാനമെന്ന് പറയുമ്പോൾ നേരത്തെ അത്, 28 വയസിന് മുകളിലോട്ടായിരുന്നു. യംഗ് എന്ന് പറയുമ്പോൾ പിള്ളേരുടെ പടം എന്ന ടാഗായിരുന്നു. ഇന്നത് ടീനേജ് ഡ്രാമാസ് ആയി. ടീനേജ് ഹീറോകളായി. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് നസ്ലൻ. അതുകഴിഞ്ഞാണ് നമ്മൾ എല്ലാവരും വന്നുതുടങ്ങിയത്. അതുകൊണ്ട് പുതിയ നടന്മാർ വരുമ്പോൾ ഒരുപാട് കഥകൾ ഈ ടീനേജ് കാറ്റഗറിയിൽ പറയാൻ സാധിക്കും. നസ്ലനെ കൊണ്ട് ഈ കഥാപാത്രങ്ങൾ എല്ലാം അഭിനയിക്കാൻ സാധിക്കില്ല. ഒരുപാട് നടന്മാർ ഇനിയും വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കും നസ്ലനും ഇടയിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |